പോലീസില്‍ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനമുണ്ട്: മുഖ്യമന്ത്രി

സംസ്ഥാനത്തെ പോലീസ് സേനയില്‍ ചുരുക്കം ചില ആളുകള്‍ക്ക് ജനങ്ങളോട് തെറ്റായ സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . എന്നാല്‍, അതിന്റെ പേരില്‍ പോലീസിനെ മുഴുവനായി കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോരായ്മകളും പ്രശ്‌നങ്ങളുമുണ്ട്. അതിനെ കുറ്റമുക്തമാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളത്തില്‍ ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഒട്ടുമിക്ക പോലീസ് ഉദ്യോഗസ്ഥരും ജനങ്ങളോട് മോശമായാണ് പെരുമാറുന്നതെന്ന് കോഴിക്കോട് ജില്ലാ സമ്മേളത്തില്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. പോലീസിന് പോരായ്മകളും പ്രശ്നങ്ങളും ഉണ്ടെന്നും അവരെ കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇതോടൊപ്പം യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോ എന്ന സിപിഎം പ്രതിനിധികളുടെ ചോദ്യത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വിദ്യാര്‍ത്ഥി രംഗത്തും യുവജന രംഗത്തും ഉള്ളവര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കണം. വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കണം. കാരണമില്ലാതെ ആരേയും ജയിലില്‍ അടക്കണമെന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

12-Jan-2022