കെ സുധാകരനെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ കൈകാര്യം ചെയ്യാനാളുണ്ട്': കെ.പി. അനിൽകുമാർ
അഡ്മിൻ
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ ആഞ്ഞടിച്ച് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും പാർട്ടി വിട്ട് സി.പി.ഐ.എമ്മിനൊപ്പം ചേരുകയും ചെയ്ത കെ.പി. അനിൽ കുമാർ. ആളുകളെ കൊല്ലാനിറങ്ങിയാൽ സുധാകരനെ തല്ലിക്കൊല്ലാൻ ഇവിടെ ആളുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു കാര്യം ഞാൻ സുധാകരനോട് പറയാൻ ആഗ്രഹിക്കുന്നു. സുധാകരൻ പറയുന്നു എന്റെ കുട്ടികളെ ഞാൻ അയച്ചു. ആർക്കെതിരെ, എസ്.എഫ്.ഐക്കാരനെ കുത്തി മലർത്താൻ. സുധാകരാ, കോൺഗ്രസുകാരനായി പ്രവർത്തിക്കാമെങ്കിൽ ഈ കേരളത്തിൽ രാഷ്ട്രീയം നടത്താം. അതല്ല പേപ്പട്ടിയെപ്പൊലെ ആളുകളെ ഉപദ്രവിച്ച് റോഡിലൂടെ നടക്കുകയാണെങ്കിൽ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ സുധാകരനെ കൈകാര്യം ചെയ്യാൻ ആണുങ്ങളുണ്ട് കേരളത്തിലെന്ന് തിരിച്ചറിയാൻ സുധാകരന് സാധിക്കണം.
കൊലകൊല്ലിയെ പോലെ ആർത്തട്ടഹിച്ചാണ് സുധാകരനിവിടെ നടക്കുന്നതെങ്കിൽ, ആ കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാനുള്ള ചങ്കൂറ്റവും ഉശിരുമുള്ള കുട്ടികളാണ് ഇവിടെ ഇരിക്കുന്നതെന്ന് തിരിച്ചറിയാൻ സുധാകരന് സാധിക്കണം,' അനിൽ കുമാർ പറഞ്ഞു. തന്റെ കുട്ടികൾ രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണെന്നും ധീരജിന്റെത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്നുമുള്ള സുധാകരന്റെ വാക്കുകൾക്ക് മറുപടിയായിരുന്നു അനിൽകുമാർ ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ കലാലയങ്ങളിൽ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവർക്ക് ദുഖമല്ല ആഹ്ലാദമാണ്, എന്നായിരുന്നു സുധാകരൻ പറഞ്ഞത്.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വോട്ട് എണ്ണി നോക്കിയാൽ അവിടേയും കെ.എസ്.യു തന്നെ ജയിക്കുമെന്നും അതില്ലാതാക്കാൻ കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് പുറത്തുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.