കെ-റെയിൽ സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിന്റെ പൂർണരൂപം സംസ്ഥാന സർക്കാർ പുറത്തുവിട്ടു. ഡിപിആറും റാപ്പിഡ് എൻവരിയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തായത്. ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാനത്തിന്‍റെ വിശദമായ വിവരങ്ങളുമുണ്ട്.
പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെ വെബ്സൈറ്റിൽ ഡിപിആർ അപ്ലോഡ് ചെയ്തിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുന്നത്. സിൽവർലൈനിന്റെ വർക്ക്‌ഷോപ്പ് കൊല്ലത്ത് പണിയും. കുടിയൊഴിയുന്നവർക്കായി ബഹുനില പാർപ്പിട സമുച്ചയങ്ങൾ പണിയും. പ്രതീക്ഷിക്കുന്ന ദിവസ വരുമാനം ആറു കോടിയെന്ന് ഡിപിആറിൽ പറയുന്നു. പാതയുടെ ഇരു വശവും അതിർത്തി വേലികൾ കെട്ടും.
പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ റെയിൽ-എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഡിപിആറിൽ വ്യക്തമാകുന്നുണ്ട്. പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിവരവും ഡിപിആറിൽ വിശദീകരിക്കുന്നുണ്ട്.