കൊവിഡ് ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി
അഡ്മിൻ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി. ടി.പി.ആര് 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി നല്‍കും. കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി.
തിങ്കളാഴ്ച മുതല്‍ കോടതികള്‍ ഓണ്‍ലൈനായാകും പ്രവര്‍ത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയില്‍ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കും. ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ 11-ന് പുനഃപരിശോധിക്കും.
തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 50ലേറെ പേര് പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടെങ്കില്‍ സംഘാടകര്‍ അത് മാറ്റിവെക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.