ചൈന ആധുനിക രീതിയിലുള്ള പുതിയ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നു: കോടിയേരി ബാലകൃഷ്ണൻ

ചൈന ആധുനിക രീതിയിലുള്ള പുതിയ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.ഐ.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ ചൈന അനുകൂല നിലപാടിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് കോടിയേരിയുടെ പ്രസ്താവന.

ചൈന ആഗോളവത്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണെന്ന് കോടിയേരി പറഞ്ഞു. 'ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈനയിലേത്. 2021ൽ ചൈനയ്ക്ക് ദാരിദ്ര്യ നിർമാർജനം കൈവരിക്കാൻ കഴിഞ്ഞു. താലിബനോട് ചൈനയുടെ നിലപാട് അതിർത്തിയുമായി ബന്ധപ്പെട്ടത്,' അദ്ദേഹം പറഞ്ഞു.

ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ടെന്നും എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നുമാണ് പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചൈനാ നിലപാടിൽ എസ്. രാമചന്ദ്രൻ പിള്ളയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞിരുന്നു.

16-Jan-2022