കെ റെയിൽ: വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ
അഡ്മിൻ
കെ-റെയില്‍ ഡി.പി.ആറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റർ. കെ-റെയിലിനെതിരായ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും മന്ത്രി സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തില്‍ പറഞ്ഞു. ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ മാറ്റങ്ങള്‍ വരുത്തിയാണ് പദ്ധതി നടപ്പാക്കുക. കെ റെയില്‍ തന്നെ അക്കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'വിമര്‍ശനത്തിന്റെ ഭാഗമായി ഡി.പി.ആറില്‍ ഉള്ള കാര്യങ്ങള്‍ അതുപോലെ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. എന്തൊക്കെ മാറ്റം വരുത്തണോ ആ മാറ്റങ്ങളൊക്കെ വരുത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദമായ രീതിയില്‍ മാത്രമേ കേരളം ഇത് കൈകാര്യം ചെയ്യുകയുള്ളു. കെറെയില്‍ തന്നെ അക്കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. ഡി.പി.ആറിനെ മുറുകെ പിടിച്ച് മുന്നോട്ട് പോകാനല്ല ഉദ്ദേശിക്കുന്നത്,' എം.വി. ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
സില്‍വര്‍ ലൈന്‍ സമ്പൂര്‍ണ പദ്ധതിരേഖ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിസ്ട്രയാണ് ഡി.പി.ആര്‍ തയ്യാറാക്കിയത്.