സംസ്ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് വാക്‌സിനേഷന് ക്രമീകരണം

സംസ്ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് വാക്‌സിനേഷന് ക്രമീകരണം നടത്താൻ നിർദേശം നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 51 ശതമാനം കുട്ടികൾ ഇതിനകം വാക്‌സിനെടുത്തു. 967 സ്‌കൂളുകളിൽ വാക്‌സിനേഷന് സൗകര്യം ഏർപ്പെടുത്തും. വാക്‌സിനേഷൻ നടക്കുന്ന സ്‌കൂളുകളിൽ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. 500 കുട്ടികളിൽ കൂടുതലുള്ള സ്‌കൂളുകളിലാണ് വാക്‌സിനേഷൻ കേന്ദ്രം ഒരുക്കുക.

മറ്റ് സ്‌കൂളുകളിലുള്ളവർക്ക് തൊട്ടടുത്ത് വാക്‌സിനേഷൻ കേന്ദ്രമുള്ള സ്‌കൂളിലെത്തി വാക്‌സിൻ സ്വീകരിക്കാം. ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ വാക്‌സിനേഷൻ ആരംഭിക്കുക. ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ഈ മാസം 21 മുതൽ സ്‌കൂളിൽ വരേണ്ട. അവർക്ക് ഓൺലൈൻ ക്ലാസ് ആയിരിക്കും. വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസുണ്ടാവും. പുതുക്കിയ ടൈംടേബിൾ ഉടനെ പ്രഖ്യാപിക്കും.

അതേസമയം അധ്യാപകർ സ്‌കൂളുകളിൽ വരണം. ഓൺലൈൻ ക്ലാസിന് ആവശ്യമായ നേതൃത്വം വഹിക്കണം. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് സ്‌കൂളുകളിൽ ക്ലാസുകൾ തുടരും. ഈ മാസം 22, 23 തിയ്യതികളിൽ 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ശുചീകരണ യജ്ഞം നടത്തും. കോവിഡ് കാലത്തെ ക്ലാസ് റൂം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് വിശദമായ മാർഗരേഖ സ്‌കൂൾ തുറക്കുമ്പോൾ നൽകിയിരുന്നു. മാർഗരേഖ കർശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി നിർദേശിച്ചു.

17-Jan-2022