കൊലപാതകത്തെ ന്യായീകരിക്കുന്ന ഒരാൾ വേണോ നേതാവായി എന്ന് കോൺഗ്രസുകാർ ആലോചിക്കണം: എംഎ ബേബി

നരവേട്ടയിൽ മദിക്കുന്ന ചോരയിൽ കുളിച്ച ഹിംസയുടെ രാഷ്ട്രീയമാണ് സുധാകരന്റേത് എന്ന് സിപിഎം പിബി അംഗം എംഎ ബേബി. സുധാകരൻ പ്രതിനിധീകരിക്കുന്ന മുതലാളിത്തവാദമാണ് ഇന്നാട്ടിലെ എല്ലാ കൂട്ടക്കൊലകളുടെയും അടിസ്ഥാന കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കാൻ ആർ എസ് എസിനും എസ് ഡി പി ഐക്കും ഒപ്പം നില്ക്കുന്ന സുധാകരനെ മുന്നിൽ നിറുത്തി ആണോ ദേശീയ തലത്തിൽ ഇടതുപക്ഷം സഹകരിക്കണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നതെന്ന് തന്റെ ഫേസ്‍ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചോദിക്കുന്നു.

നട്ടാൽ മുളയ്ക്കാത്ത നിരവധി നുണകൾ കൂട്ടത്തിൽ സുധാകരൻ പറയുന്നുണ്ട്. അവയൊക്കെ വസ്തുതകൾ എന്ന മട്ടിലാണ് ചിലപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും. ബംഗാളിൽ മാത്രം 55000 രാഷ്ട്രീയ എതിരാളികളെ കൊന്നു. ബുദ്ധദേവ് ഭട്ടാചാര്യ ഇതു നിയമസഭയിൽ സമ്മതിച്ചിട്ടുണ്ട്. അയ്യായിരത്തിലേറെ പേരുടെ ശരീരഅവശിഷ്ടം ബംഗാളിലെ ഇടതുപക്ഷ മന്ത്രി വീടൊഴിഞ്ഞപ്പോൾ കുഴിയിൽ നിന്നു കിട്ടി.- ഇത്തരം പച്ചക്കള്ളങ്ങൾ വസ്തുതകൾ എന്ന മട്ടിൽ കൊടുക്കുന്നതാണോ പത്രധർമം? കേരളത്തിലെ പത്രങ്ങളും കെ സുധാകരന്റെ നിലവാരത്തിലാണോ എന്നും എംഎ ബേബി ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

എസ് എഫ് ഐ പ്രവർത്തകനായ സഖാവ് ധീരജിനെ കുത്തിക്കൊന്ന യൂത്ത് കോൺഗ്രസ് ഗുണ്ടകളെ സംരക്ഷിക്കും എന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന കോൺഗ്രസ് വാർഷിക സമ്മേളനം നടത്തും എന്നൊക്കെ പറയുന്നതു പോലെ ഒരു സാധാരണ പ്രസ്താവന ആയാണ് കേരളത്തിലെ ഇടതു പക്ഷ വിരുദ്ധ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്!! ഒരു അഭിപ്രായപ്രകടനവുമില്ലാതെ, അത്ഭുതച്ചിഹ്നങ്ങളില്ലാതെ! "നിഖിലിനെ പാർട്ടി സംരക്ഷിക്കും" എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്! മലയാള മനോരമയുടെ വാർത്താതാരവുമാണ് കെ സുധാകരൻ.

നൂറുകണക്കിന് കെ എസ് യുക്കാരാണ് കൊല്ലപ്പെട്ടതെന്ന് സുധാകരന് നിസ്സങ്കോചം കളവ് പറയാനാവുന്നതും ഇതുപോലെ മാധ്യമങ്ങളുടെ നാണംകെട്ട പിന്തുണയോടെയാണ്. സുധാകരന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ ക്കെതിരെ കേരളത്തിൽ നടക്കാൻ പോകുന്ന ഗുണ്ടാ ആക്രമണങ്ങൾക്ക് പത്രങ്ങളും ചൂട്ട് പിടിക്കും എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ കമ്യൂണിസ്റ്റ് വിരുദ്ധ നരമേധത്തിനെതിരെ കേരളത്തിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം. ഇത്രയും നിർലജ്ജമായി കൊലപാതകത്തെ ന്യായീകരിക്കുന്ന ഒരാൾ വേണോ കോൺഗ്രസ് നേതാവായി എന്ന് സമാധാനകാംക്ഷികളായ കോൺഗ്രസുകാർ ആലോചിക്കണം.
കേരളത്തിലെ കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കാൻ ആർ എസ് എസിനും എസ് ഡി പി ഐക്കും ഒപ്പം നില്ക്കുന്ന സുധാകരനെ മുന്നിൽ നിറുത്തി ആണോ ദേശീയ തലത്തിൽ ഇടതുപക്ഷം സഹകരിക്കണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്?

നട്ടാൽ മുളയ്ക്കാത്ത നിരവധി നുണകൾ കൂട്ടത്തിൽ സുധാകരൻ പറയുന്നുണ്ട്. അവയൊക്കെ വസ്തുതകൾ എന്ന മട്ടിലാണ് ചിലപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും. "ബംഗാളിൽ മാത്രം 55000 രാഷ്ട്രീയ എതിരാളികളെ കൊന്നു. ബുദ്ധദേവ് ഭട്ടാചാര്യ ഇതു നിയമസഭയിൽ സമ്മതിച്ചിട്ടുണ്ട്. അയ്യായിരത്തിലേറെ പേരുടെ ശരീരഅവശിഷ്ടം ബംഗാളിലെ ഇടതുപക്ഷ മന്ത്രി വീടൊഴിഞ്ഞപ്പോൾ കുഴിയിൽ നിന്നു കിട്ടി." ഇത്തരം പച്ചക്കള്ളങ്ങൾ വസ്തുതകൾ എന്ന മട്ടിൽ കൊടുക്കുന്നതാണോ പത്രധർമം? കേരളത്തിലെ പത്രങ്ങളും കെ സുധാകരന്റെ നിലവാരത്തിലാണോ?

ഒരു കാര്യം മാത്രം പറയാം. ബംഗാളിലെ ജനങ്ങൾക്കായി ജീവൻ കൊടുത്ത പ്രസ്ഥാനമാണ് ഞങ്ങളുടേത്. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാരുടെ ചിറ്റഗോങ്ങ് ആയുധക്കലവറ ആക്രമിച്ച കേസ്സിലെ പ്രതിയും ഉശിരൻ പോരാളിയുമായിരുന്ന കല്പന ദത്തുതുടങ്ങിയ ധീരർ കമ്മ്യൂണിസ്റ്റ് സഖാക്കളായിവളർന്നത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്.

തേഭാഗ കർഷകസമരവും ,നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ അതിജീവനത്തിനായി ജീവൻ കൊടുത്താണ് ബംഗാളിൽ കമ്യൂണിസ്റ്റുകാർ പ്രവർത്തിച്ചത് എന്നതിന്റെ അനിഷേധ്യ തെളിവാണ്. അടിയന്തരാവസ്ഥക്കാലത്ത് ബംഗാളിലെ കോൺഗ്രസ് സർക്കാർ നടത്തിയ നരവേട്ടയുടെ ആദ്യത്തെ ഇരകൾ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാർ ആയിരുന്നു.
ഇത്തരം കടന്നാക്രമണങ്ങളാകട്ടെ 1972 ൽ ആരംഭിച്ച അർദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ചക്കാലത്തുതന്നെ തുടങ്ങിയിരുന്നു.

ബംഗാളിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസുകാരും തൃണമൂൽ ഗുണ്ടകളും ആർ എസ് എസും മുസ്ലിം വർഗീയ വാദികളും നക്സലൈറ്റുകളും ഒരുമിച്ച് വന്നപ്പോഴും നഷ്ടപ്പെട്ടത് ബംഗാളിലെ കമ്യൂണിസ്റ്റുകാരുടെ നൂറു കണക്കിന് ജീവനാണ്.

ആ അട്ടിമറിയാണ് 2014ൽ നരേന്ദ്ര മോദി സർക്കാറിന് വഴിയൊരുക്കിയ ഒരു പ്രധാന ഘടകം.
ലോകമെങ്ങും മനുഷ്യവിമോചനത്തിനും സ്വാതന്ത്ര്യത്തിനുമായി ജീവൻ ബലിയർപ്പിച്ച ചരിത്രമാണ് കമ്യൂണിസ്റ്റുകാരുടേത്. ഹിറ്റ്ലറുടെ ഫാസിസത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാൻ തന്നെ കോടിക്കണക്കിന് കമ്യൂണിസ്റ്റുകാരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടു. അതിന്റെഫലമായാണ് ഹിറ്റ്ലറുടെ ഭരണാസ്ഥാനത്തിന്റെ കേന്ദ്രമായ റൈഷ്സ്റ്റാഗിനുമുകളിൽ ചുമപ്പുപതാകനാട്ടുവാൻ കമ്മ്യൂണിസ്റ്റ് പോരാളികൾക്ക് സാധിച്ചത്.

സുധാകരൻ പ്രതിനിധീകരിക്കുന്ന മുതലാളിത്തവാദമാണ് ഇന്നാട്ടിലെ എല്ലാ കൂട്ടക്കൊലകളുടെയും അടിസ്ഥാന കാരണം. തൃശൂരിൽ പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾ പരസ്പര ഗ്രൂപ്പു സംഘട്ടനത്തിൽ ദാരുണമായി വധിക്കപ്പെട്ട ഓർമ്മ ഇന്നും നിലനില്ക്കുന്നുണ്ട്. അത്രമാത്രം അക്രമാധിഷ്ഠിതമാണ് ഇവരുടെ പ്രവർത്തനശൈലി! നരവേട്ടയിൽ മദിക്കുന്ന ചോരയിൽ കുളിച്ച ഹിംസയുടെ രാഷ്ട്രീയമാണ് സുധാകരന്റേത്. ലോകമെങ്ങും, ഇന്ത്യയിലും കേരളത്തിലും ഹിംസയുടെ രാഷ്ട്രീയത്തിന്റെ ഉറവിടംവ്യക്തമാണ്:ചൂഷണരഹിതമായ സമൂഹത്തിന്റെ സൃഷ്ടിക്കായി പൊരുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നപുരോഗമനപ്രസ്ഥാനത്തെ കായികമായി ഉന്മൂലനംചെയ്യാൻ ശ്രമിക്കുന്ന ജനവിരുദ്ധ രാഷ്ട്രീയമാണ് അത്.

17-Jan-2022