സംസ്ഥാനത്തെ സ്കൂളുകളില്‍ ബുധനാഴ്ച മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും

സംസ്ഥാനത്തെ 15-18 പ്രായക്കാര്‍ക്കായി നാളെ മുതല്‍ സ്കൂളുകളില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.‌ഇന്നു സ്‌കൂളുകളില്‍ പിടിഎ യോഗം ചേര്‍ന്നു ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് നിര്‍ദേശം നല്‍കി. 967 സ്കൂളുകളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. കൈറ്റിന്റെ 'സമ്പൂര്‍ണ' പോര്‍ട്ടല്‍ വഴി ഓരോ ദിവസവും വാക്സിനേഷന്‍ വിവരങ്ങള്‍ ശേഖരിക്കും.

വാക്സിനേഷന്‍ സൗകര്യം ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കു തൊട്ടടുത്തുള്ള സ്കൂള്‍ കേന്ദ്രങ്ങളിലൂടെ വാക്സിന്‍ നല്‍കും. 8.14 ലക്ഷം കുട്ടികള്‍ക്കാണ് ഇനി കോവിഡ് വാക്സിന്‍ നല്‍കാനുള്ളത്. വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ ശുചീകരണ- അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്.

9-ാം ക്ലാസ് വരെയുള്ളവര്‍ക്ക് 21 മുതല്‍ ഡിജിറ്റല്‍ - ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പ്രത്യേക സമയക്രമം ഉണ്ടാകും. അധ്യാപകര്‍ സ്കൂളിലെത്തണമെന്നും നിര്‍ദേശമുണ്ട്. 21 മുതല്‍ കൈറ്റ്- വിക്ടേഴ്‌സ് വഴിയുള്ള ക്ലാസുകളുടെ സമയവും പുനഃക്രമീകരിക്കും.

18-Jan-2022