സംരംഭക വർഷം; വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് തൊഴിലാളി സംഘടനകളുടെ പിന്തുണ
അഡ്മിൻ
വരുന്ന സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കാനും ഒരു ലക്ഷം സംരംഭങ്ങള്‍ പുതുതായി ആരംഭിക്കാനുമുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയറിയിച്ച് തൊഴിലാളി സംഘടനകള്‍. വ്യവസായ മന്ത്രി പി.രാജീവ് തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്കുള്ള പിന്തുണ യൂണിയനുകള്‍ അറിയിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉല്‍പ്പന്നങ്ങളുടെയും ജിയോ ടാഗിങ്ങ് ഉള്ള ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന ഉറപ്പ് വരുത്തുന്നതിനായി ആധുനിക രീതിയിലുള്ള മാര്‍ക്കറ്റിങ്ങ് പോര്‍ട്ടല്‍ സജ്ജമാക്കുന്നത് നിലവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യുന്നുണ്ട്.
ഇതിന്റെ കൂടെ ഒരു പഞ്ചായത്ത് ഒരു ഉല്‍പ്പന്നം എന്ന രീതിയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പങ്ങള്‍ക്കും മാര്‍ക്കറ്റിങ്ങ് ഉറപ്പ് വരുത്താന്‍ ശ്രമിക്കും. ഇവര്‍ക്ക് കൂടി സഹായകമാകുന്ന രീതിയില്‍ മെയ്ഡ് ഇന്‍ കേരള ബ്രാന്റ് പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ബൃഹത്തായ ക്യാമ്പെയിനിലൂടെ ആരംഭിക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഇതിന് ശേഷം നടക്കുന്ന ലൈസന്‍സ്/ലോണ്‍/സബ്‌സിഡി മേളകളിലൂടെയാണ് സംരംഭകര്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. ഇതിനാവശ്യമായ പിന്തുണ തദ്ദേശ സ്വയംഭരണ വകുപ്പും സഹകരണ വകുപ്പും ഉറപ്പ് വരുത്തുന്നുണ്ട്.
എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം.റഹ്‌മത്തുള്ള , തോമസ് ജോസഫ് (യു.ടി.യു.സി), കളത്തില്‍ വിജയന്‍ (ടി.യു.സി.സി), ജി.കെ.അജിത്ത് (ബി.എം.എസ്), ടോമി മാത്യു (എച്ച്.എം.എസ്), സോണിയ ജോര്‍ജ്ജ് (സേവ) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.