പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളില്‍ ഒരുക്കേണ്ട കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍; സർക്കുലർ ഇറക്കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇവിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള പരിശോധനാ സൂചിക മൂര്‍ത്തമാക്കി സര്‍ക്കുലര്‍ പുറത്തിറക്കാന്‍ ശുചിത്വ മിഷന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി, കേരള ഫയര്‍ ആന്റ് റസ്‌ക്യു സര്‍വ്വീസ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സംയുക്ത ടീം സംസ്ഥാനത്തെ തെരഞ്ഞെടുത്ത പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ഭൂരിഭാഗം കേന്ദ്രങ്ങളിലും ഫയര്‍ ആന്റ് റസ്‌ക്യു ഇലക്ട്രിക്കല്‍ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും ഒരുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കി. ഇതിനെ തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളില്‍ ഒരുക്കേണ്ട കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കുലറായി നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

തദ്ദേശ ഭരണ പ്രദേശങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളില്‍ ചിലയിടത്ത് തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം എം സി എഫിലേയും(മെറ്റീരിയില്‍ കലക്ഷന്‍ ഫെസിലിറ്റി) ആര്‍ ആര്‍ എഫിലേയും (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള പരിശീലനവും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

19-Jan-2022