സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം

സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് നാളെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. കൊവിഡ് സാഹചര്യം വിലയിരുത്താനും പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കാനുമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ ചേരുന്നുണ്ട്.

രാവിലെ 11ന് ചേരുന്ന യോഗത്തില്‍ സമ്മേളന പരിപാടികള്‍ ഇനിയും വെട്ടിക്കുറക്കേണ്ടതുണ്ടോയെന്ന് ചര്‍ച്ച ചെയ്യും. സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. പൊതു സമ്മേളന വേദിയില്‍ ഇന്ന് സംഗമിക്കേണ്ട ദീപശിഖാ, പതാക, കൊടിമര ജാഥകള്‍ എല്ലാം വേണ്ടെന്ന് വെച്ചതോടെ നാളെ രാവിലെ മാത്രമേ സമ്മേളന നടപടികള്‍ ആരംഭിക്കൂ.

സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനവും നാളെയാണ് തുടങ്ങുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ സമാപന പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഉണ്ടെങ്കിലും 185 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സിപിഎം ജില്ലാ സമ്മേളനം നടക്കുന്നത്. 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.

പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. അഞ്ഞൂറിലധികം പേര്‍ക്കിരിക്കാവുന്ന ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മുഴുവന്‍ സമയവും പങ്കെടുക്കും.

20-Jan-2022