സംസ്ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി

സംസ്ഥാനത്തെ പരസ്യ ബോർഡുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി. പരസ്യബോർഡുകളിൽ ഏജൻസികളുടെ വിലാസവും ഫോൺനമ്പറും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.കൂടാതെ അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.

പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾക്കെതിരായ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.നിർദേശങ്ങൾ ലംഘിച്ചാൽ ഉചിതമായ അന്വേഷണത്തിനു ശേഷം പ്രിന്റിങ് പ്രസിന്റെയും പരസ്യ ഏജൻസിയുടെയും ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളെടുക്കുമെന്നും കോടതി പറഞ്ഞു. പാതയോരങ്ങളിലും നടപ്പാതകളിലെയും അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികളാണു കോടതി പരിഗണിച്ചത്.

കോടതി, റോഡ് സുരക്ഷ കമ്മിഷൻ എന്നിവരുടെ ഉത്തരവുകൾ ലംഘിച്ചു പരസ്യ ഏജൻസികൾ അടക്കം ബാനറുകളോ ബോർഡുകളോ കൊടികളോ സ്ഥാപിക്കരുത്. തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള അനുമതി നേടിയിരിക്കണം, പൊതുയിടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബാനറുകളും പോസ്റ്ററുകളും കൊടികളും 30 ദിവസത്തിനുള്ളിൽ തദ്ദേശ ഭരണ സെക്രട്ടറിമാർ നീക്കം ചെയ്യണം.

നീക്കിയവ മാലിന്യ സംസ്കരണത്തിനു നൽകാതെ സ്ഥാപിച്ചവർക്കു തന്നെ തിരികെ നൽകണം, എല്ലാ അനധികൃത ബോർഡുകളുടെയും കൊടികളുടെയും ഉത്തരവാദിത്തം തദ്ദേശഭരണ സെക്രട്ടറിമാർക്കും ഫീൽഡ് സ്റ്റാഫിനും ആയിരിക്കും. ഇവർക്കെതിരെ നിയമനടപടിയുണ്ടാകും എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

20-Jan-2022