കേരളത്തിന്റെ ഫ്‌ളോട്ടിന് അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
അഡ്മിൻ
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനായി കേരളം സമര്‍പ്പിച്ച ഫ്‌ളോട്ടിന്റെ മാതൃക തള്ളിയതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യത്തിന് പകരം ആദിശങ്കരന്റെത് ഉപയോഗിക്കാനുളള കേന്ദ്ര നിര്‍ദേശം പാലിക്കാത്തത് കൊണ്ടാണ് കേരളത്തിന്റെ ഫ്‌ളോട്ട് തള്ളിയത് എന്നാണ് ആരോപണം.
കേരളത്തിന്റെ ഫ്‌ളോട്ട് അനുവദിക്കാത്തത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും ആണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. കേരളത്തിന്റെ ഫ്‌ളോട്ടിന് അനുമതി നല്‍കണം എന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്: '' ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ ടാബ്ലോ ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചു. കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിൻ്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്കർത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.
മനുഷ്യർക്കിടയിൽ വിഭജനങ്ങൾക്ക് കാരണമായ ജാതിചിന്തകൾക്കും അനാചാരങ്ങൾക്കും വർഗീയവാദങ്ങൾക്കുമെതിരെ അദ്ദേഹം പകർന്ന മാനവികതയുടേയും സാഹോദര്യത്തിൻ്റേയും ആശയങ്ങൾ കൂടുതൽ ആളുകളിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തിനുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചു. നടപടി തിരുത്തണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു''. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിൻ്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്. റിപ്പബ്ലിക് ദിന പരേഡിൽ കേരളം നൽകിയ നിശ്ചല ദൃശ്യത്തിൻ്റെ മോഡലിൽ, സ്ത്രീ സുരക്ഷയെന്ന ആശയം മുൻനിർത്തി ജടായുപ്പാറയിലെ പക്ഷിശിൽപ്പവും ചുണ്ടൻ വള്ളവുമാണ് ഉണ്ടായിരുന്നത്.