വി.എസ്.അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രാത്രിയോടെ അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.98വയസുള്ള അച്യുതാനന്ദൻ ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ഗുരുതരാവസ്ഥയിലായിരുന്നു.


നവംബർ 19ന് ആശുപത്രിവിട്ട അദ്ദേഹം വീട്ടിൽ പൂർണ്ണവിശ്രമത്തിലായിരുന്നു. സന്ദർശകരെ ഉൾപ്പെടെ കർശനമായി വിലക്കിയിരുന്നു. അതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

21-Jan-2022