കാസര്‍കോട് ജില്ലാ സമ്മേളനം സിപിഎം അവസാനിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ: കോടിയേരി ബാലകൃഷ്ണൻ

സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം അവസാനിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തൃശൂരില്‍ ബാധകമല്ലെന്നും കോടിയേരി പറഞ്ഞു.

വിലക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച കാസര്‍കോട് ജില്ലാ സമ്മേളനം ചുരുക്കി വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം തൃശൂരിലും ഇന്നലെയാണ് സിപിഎം ജില്ലാ സമ്മേളനം ആരംഭിച്ചത്. ഇത് ശനിയാഴ്ച അഞ്ചു മണിയോടെ അവസാനിപ്പിക്കുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസമാക്കി ചുരുക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഈ മാസം 28 മുതല്‍ 30 വരെയാണ് ആലപ്പുഴ ജില്ലാ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. സിപിഎമ്മിന്റെ അഭിപ്രായം കേള്‍ക്കാതെ പറഞ്ഞ വിധിയാണിതെന്നും കോടിയേരി പ്രതികരിച്ചു.

22-Jan-2022