കേരളത്തിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാര്യക്ഷമമായി നടക്കുന്നു: മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
കേരളത്തിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ മുഴുവന്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും പരിശീലനവും ലോഗിന്‍ ഐഡിയും നല്‍കിയിട്ടുണ്ട്. എട്ടു മുതല്‍ പത്ത് വരെയും പ്ലസ് ടുവിലെയും കുട്ടികള്‍ക്ക് ലോഗിന്‍ ഐഡി നല്‍കി ക്ലാസുകള്‍ നടന്നുവരുന്നുണ്ട്.
പ്ലസ് വണ്‍ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ ഈ ആഴ്ച പൂര്‍ണമായതിന്റെ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ കുട്ടികള്‍ക്കും ലോഗിന്‍ ഐഡികള്‍ ഈ മാസത്തോടെ പൂര്‍ണമാകുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാകിരണം പദ്ധതിയുടെ ആദ്യഘട്ടമായി മുഴുവന്‍ എസ് ടി കുട്ടികള്‍ക്കും 10, 12 ക്ലാസുകളിലെ എസ് സി കുട്ടികള്‍ക്കുമായി 45,313 ലാപ്‌ടോപ്പുകള്‍ നല്‍കിക്കഴിഞ്ഞു. ഇവയും സ്‌കൂളുകളില്‍ നേരത്തെ ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകളും ആവശ്യമുള്ള കുട്ടികള്‍ക്ക് പൊതുവായി ഉപയോഗിക്കാനും അവസരം നല്‍കിയിട്ടുണ്ട്.
നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസ്സുകളും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പറഞ്ഞിരുന്നു. ഇതനുസരിച്ച് കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ മുന്‍കൂട്ടി അറിയിക്കുന്ന സമയക്രമത്തില്‍ നല്‍കി വരികയാണ്. ജനുവരി 21 മുതല്‍ ഈ ക്ലാസ്സുകളുടെ പുനഃക്രമീകരിച്ച സമയക്രമവും കൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ക്ലാസുകളുടെ തുടര്‍ പിന്തുണ നേരത്തെ സ്‌കൂളുകള്‍ വഴി നല്‍കി വന്നിരുന്നത് ഒമ്പത് വരെ ക്ലാസ്സുകള്‍ക്ക് ഇനി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി അധ്യാപകര്‍ നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ ക്ലാസ്സുകളുടെ തല്‍സമയ പിന്തുണ നല്‍കുന്നതിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിലും പ്രാദേശികമായ സമയക്രമം അധ്യാപകര്‍ പുലര്‍ത്തിപ്പോരുന്നതിനാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.