'പ്രതികൂലവിധി ഉണ്ടാകുമെന്നായപ്പോൾ മാതൃഭൂമി മാപ്പുപറഞ്ഞ് തടിതപ്പുന്നു'; എംവി ജയരാജന്‍

കൃഷ്ണപ്രസാദ് എംഎൽഎയുടെ കുടുംബത്തിന്റെ കൈവശവും റവന്യൂ ഭൂമിയെന്ന് തരത്തില്‍ 2010 ല്‍ നല്‍കിയ വാർത്ത വർഷങ്ങള്‍ക്ക് ശേഷം തിരുത്തി മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് സി പി എം നേതാവ് എംവി ജയരാജന്‍. മാതൃഭൂമി വാർത്തക്കെതിരെ അന്ന് തന്നെ കൃഷ്ണപ്രസാദ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽചെയ്തു. അന്ന് അദ്ദേഹം എംഎൽഎ ആയിരുന്നു. കോടതിയിൽനിന്നും പ്രതികൂലവിധി ഉണ്ടാകുമെന്നായപ്പോൾ പന്ത്രണ്ട് വർഷത്തിനുശേഷം മാതൃഭൂമി മാപ്പുപറഞ്ഞ് തടിതപ്പുന്നതെന്നും എംവി ജയരാജന്‍ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

മാതൃഭൂമിയുടെ നുണയും മാപ്പും

=======================
മുൻ എം.എൽ.എ.യും കർഷകസംഘം ദേശീയനേതാവുമായ പി. കൃഷ്ണപ്രസാദിനെതിരെ 2010 ഫെബ്രുവരി 11ന് മാതൃഭൂമി നൽകിയ വ്യാജവാർത്തയുടെ തലക്കെട്ട് ''കൃഷ്ണപ്രസാദ് എം.എൽ.എ.യുടെ കുടുംബത്തിന്റെ കൈവശവും റവന്യൂ ഭൂമി'' എന്നായിരുന്നു. ഈ വാർത്തക്കെതിരെ അന്നുതന്നെ കൃഷ്ണപ്രസാദ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽചെയ്തു. അന്ന് അദ്ദേഹം എം.എൽ.എ. കൂടിയായിരുന്നു. കോടതിയിൽനിന്നും പ്രതികൂലവിധി ഉണ്ടാകുമെന്നായപ്പോൾ പന്ത്രണ്ട് വർഷത്തിനുശേഷം മാതൃഭൂമി മാപ്പുപറഞ്ഞ് തടിതപ്പുകയാണ്.

2022 ജനുവരി 22ന് ഖേദപ്രകടനം നടത്തുന്ന ഒരു വാർത്ത മാതൃഭൂമി നൽകി. അതിന്റെ തലക്കെട്ട് ഇപ്രകാരമാണ്. 'കൃഷ്ണപ്രസാദ് എം.എൽ.എ.യുടെ കുടുംബത്തിന്റെ കൈവശം റവന്യൂഭൂമി' ഇല്ല. ഈ തലക്കെട്ടും കൃഷ്ണപ്രസാദിനെ അപമാനിക്കുന്ന ഒന്നാണ്. വാർത്താ ഉള്ളടക്കം പൂർണ്ണമായും വായിച്ചാൽ മാത്രമേ ഖേദപ്രകടനം നടത്തിയത് തിരിച്ചറിയാനാവൂ. ഖേദപ്രകടനത്തിൽ ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ 'മാപ്പ്' എന്നോ 'തെറ്റായ വാർത്ത നൽകിയതിൽ ഖേദം' എന്നോ നൽകാമായിരുന്നു. ഉള്ളടക്കത്തിൽ രണ്ട് തവണ ഖേദപ്രകടനം ഉണ്ട്. അത് നല്ല കാര്യം തന്നെ.



ഈ ഘട്ടത്തിൽ എന്റെ അനുഭവം പങ്കുവെക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി യോഗത്തിൽ 'വി.എസിനെതിരെ എം.വി. ജയരാജൻ ആക്ഷേപമുന്നയിച്ചു' എന്നൊരു വാർത്ത മാതൃഭൂമി കുറച്ച് വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഞാൻ എം.എൽ.എ.യായിരുന്നു. വാർത്ത പ്രസിദ്ധീകരിച്ചതിന്റെ അടുത്തദിവസം മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ എന്നെ കാണാൻ വീട്ടിൽ വന്നു. ''നിങ്ങളെപ്പറ്റി തെറ്റായൊരു വാർത്ത ഞങ്ങളുടെ പത്രത്തിൽ വന്നിരുന്നു. നിങ്ങളെ നേരിൽകണ്ട് സംസാരിച്ചതിന് ശേഷം ഖേദപ്രകടനം നടത്തി ഒരു വാർത്ത കൊടുക്കണം എന്നാണ് മേലെനിന്നും അറിയിച്ചത്.'' എന്നായിരുന്നു വന്നയാൾ എന്നോട് പറഞ്ഞത്.

അതുപ്രകാരം തൊട്ടടുത്ത ദിവസം വാർത്തവന്നു. അതാവട്ടെ, ഒന്നോ രണ്ടോവാചകത്തിൽ ചരമക്കോളത്തിലായിരുന്നു നൽകിയത്. ഈ വാർത്ത വായിച്ച് ഫോണിലൂടെ എന്നോടൊരാൾ 'നിങ്ങൾ മരിച്ചോ' എന്ന് ചോദിച്ചത് ഓർക്കുന്നു. ഞാൻ ആശ്ചര്യപ്പെട്ടു. അപ്പോഴാണ് മാതൃഭൂമിയിൽ ഇത്തരത്തിലൊരു വാർത്ത വന്നിട്ടുണ്ടെന്ന് അറിയുന്നത്. പത്രം നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. മറ്റുള്ള വാർത്തകൾ ചരമവാർത്തകളായതുകൊണ്ടും തലക്കെട്ടിൽ എന്റെ പേരുള്ളതുകൊണ്ടും മരണവാർത്തയാണെന്ന് ആരെങ്കിലും സംശയിച്ചുപോയാൽ കുറ്റപ്പെടുത്താനാവില്ല. ഇത്തരത്തിൽ വ്യാജവാർത്തകൾ നൽകി പിന്നീട് ഖേദപ്രകടനം നടത്തുന്ന പാരമ്പര്യം മാതൃഭൂമിക്ക് മാത്രം അവകാശപ്പെട്ടതാണ്.

24-Jan-2022