നിലവിൽ വാതില്‍പ്പടി സേവനം ഉപയോഗപ്പെടുത്തുന്നത് 22976 ഗുണഭോക്താക്കൾ

പ്രായാധിക്യം ഗുരുതര രോഗം തുടങ്ങി വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ സേവനം യഥാസമയം ലഭ്യമാകാത്ത ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും ജീവന്‍ രക്ഷാമരുന്നുകളും മറ്റും വീടുകളില്‍ ലഭ്യമാക്കാന്‍ വേണ്ടി ആവിഷ്‌കരിച്ച വാതില്‍പ്പടി സേവന പദ്ധതിയുടെ സാധ്യതകളേയും നടപടി ക്രമങ്ങളെയും സംബന്ധിച്ച് ഗുണഭോക്താക്കളെ ബോധവത്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ എന്നീ സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ വാതില്‍പ്പടി സേവന പദ്ധതിയിലൂടെ പ്രതീക്ഷിച്ചത്ര ലഭിക്കാത്ത സാഹചര്യത്തിലാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

വാതില്‍പ്പടി സേവന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പ്രാഥമികമായി വിഭാവനം ചെയ്ത സേവനങ്ങള്‍ നല്‍കി വരുന്നത്. സംസ്ഥാന സെല്‍ നിരന്തരമായി അവലോകനം നടത്തിയതിന്റെ ഭാഗമായാണ് തദ്ദേശ ഭരണ പ്രദേശങ്ങളിലെ ഗുണഭോക്താക്കള്‍ സേവനങ്ങള്‍ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന വിലയിരുത്തലുണ്ടായത്. അവലോകന വേളയില്‍ കണ്ടെത്തിയ കുറവുകളെല്ലാം സമയബന്ധിതമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

ഇപ്പോള്‍ വാതില്‍പ്പടി സേവനം ഉപയോഗപ്പെടുത്തുന്നത് 22976 ഗുണഭോക്താക്കളാണ്. ഇവരില്‍ 22842പേരുടെ ഭവന സന്ദര്‍ശനവും വിവരശേഖരണവും പൂര്‍ത്തിയായി കഴിഞ്ഞു. നാല് തദ്ദേശ സ്ഥാപനങ്ങള്‍ കൂടി വിവരശേഖരണം പൂര്‍ത്തിയാക്കാനുണ്ട്. സേവന ലഭ്യത ഉറപ്പുവരുത്താനായി 3664 സന്നദ്ധ സേനാംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 2533പേരുടെ പരിശീലനവും 1177പേരുടെ പോലീസ് വെരിഫിക്കേഷനും പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതിയിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ഇതിനകം കാര്‍ഡ് വിതരണം ചെയ്തു. ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണത്തില്‍ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ട്. മറ്റ് സേവനങ്ങളും ആ നിലയില്‍ ഉപയോഗപ്പെടുത്തുന്ന നിലയില്‍ ഗുണഭോക്താക്കളെ ബോധവത്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. വാതില്‍പ്പടി സേവനം പദ്ധതിയെ മറ്റ് വിവിധ സേവന സംവിധാനങ്ങളുമായും സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും സര്‍ക്കാര്‍ ആരായുമെന്ന് മന്ത്രി പറഞ്ഞു.

25-Jan-2022