കോവിഡ് വ്യാപനം; ബ്രാഞ്ച് അടിസ്ഥാനത്തിൽ സിപിഐ എം പ്രവർത്തകർ വീടുകളിൽ സഹായമെത്തിക്കും
അഡ്മിൻ
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ, സഹായ പ്രവർത്തനങ്ങൾക്കായി സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആവശ്യമായ ഇടങ്ങളിൽ സമൂഹ അടുക്കളകൾ തുടങ്ങും. ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ അനുസരിച്ചാകും പാർടിയുടെ പ്രവർത്തനം.
ബ്രാഞ്ച് അടിസ്ഥാനത്തിൽ വീടുകളിൽ സഹായമെത്തിക്കും. രോഗബാധിതരായവരുടെ വീടുകൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾ അറിയുകയും അവ പരിഹരിക്കുകയും വേണം. എൽഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ഈ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി വാർഡ്‌തല സമിതികൾ പ്രവർത്തന സജ്ജമാക്കണം. ആശുപത്രികളിൽ രോഗികൾ കുറവാണ്. വീടുകളിലാണ് ഭൂരിപക്ഷം പേരും. കിടപ്പുരോഗികളെയടക്കം സന്ദർശിച്ച് സഹായിക്കണം. ഇത് സംബന്ധിച്ച നിർദേശം സിപിഐ എം ജില്ലാ കമ്മിറ്റികൾക്ക് നൽകിയിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു.