ലോകായുക്ത ഓർഡിനൻസ് നിയമസഭയിൽ എത്തുമ്പോൾ ചർച്ചയാകാമെന്ന് കോടിയേരി
അഡ്മിൻ
ലോകായുക്ത ഓർഡിനൻസ് ബില്ലായി നിയമസഭയിൽ എത്തുമ്പോൾ ചർച്ചയാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോൾ. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത്.
ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തിൽ നിന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്നുകൊടുക്കുന്നതാണെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത് എന്ന് കോടിയേരി പറയുന്നു. നിയമസഭ സമ്മേളിക്കാത്ത അവസരത്തില്‍ മന്ത്രിസഭയ്ക്ക് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന് അഭിപ്രായം പറയാം. അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണൻ ലേഖനത്തിൽ പറഞ്ഞു.