സംയോജിത പദ്ധതികളുടെ രൂപീകരണത്തില്‍ ജില്ലാ ആസൂത്രണ സമിതികളുടെ പങ്ക് അനിവാര്യം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ആകെ 79.15 കോടി രൂപയുടെ 7 ബൃഹദ്‌സംയോജന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും പദ്ധതി നടത്തിപ്പിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രോത്സാഹന ധനസഹായമായി 9.04 കോടി രൂപ അനുവദിക്കുന്നതിന് അംഗീകാരം നല്‍കുകയും ചെയ്തതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ജില്ലാ പദ്ധതിയിലെ സംയോജിത പരിപാടികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ധനസഹായം അനുവദിക്കാന്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.

വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും സംയോജന പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ ജില്ലാ ആസൂത്രണ സമിതികള്‍ നേതൃത്വം നല്‍കണം. സംയോജിത പദ്ധതികളുടെ രൂപീകരണത്തില്‍ ജില്ലാ ആസൂത്രണ സമിതികളുടെ പങ്ക് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നൂതന ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സമഗ്ര പ്രോജക്ടുകള്‍ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഒരു പ്രദേശത്തെ മൊത്തം സാമ്പത്തിക വികസനം സാധ്യമാക്കുന്ന തരത്തിലുള്ള പ്രോജക്ടുകള്‍ രൂപീകരിക്കുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ദിക്കേണ്ടതാണെന്ന് മന്ത്രി നിര്‍ദേശിച്ചു.

ഉന്നതാധികാര സമിതി യോഗത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ജിജു പി അലക്‌സ്, തദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡി.ബാലമുരളി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം ചീഫ് ജെ. ജോസഫൈന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അംഗീകാരം ലഭിച്ച പദ്ധതികളും അനുവദിച്ച പ്രോത്സാഹന ധനസഹായവും

1) ക്രാഡില്‍, കോഴിക്കോട് ജില്ല, അടങ്കല്‍ തുക-622.38 ലക്ഷം രൂപ, പ്രോത്സാഹന ധനസഹായം - 124.48 ലക്ഷം രൂപ. 2) ഇനാബ്ലിംഗ് കോഴിക്കോട്, കോഴിക്കോട് ജില്ല, അടങ്കല്‍ തുക - 553.38 ലക്ഷം രൂപ, പ്രോത്സാഹന ധനസഹായം - 110.68 ലക്ഷം രൂപ. 3) സ്നേഹസ്പര്‍ശം, പാലക്കാട് ജില്ല, അടങ്കല്‍ തുക - 302.00 ലക്ഷം രൂപ, പ്രോത്സാഹന ധനസഹായം - 60.40 ലക്ഷം രൂപ. 4) ജലസമൃദ്ധി - വെണ്ണൂര്‍തുറ നവീകരണം, തൃശൂര്‍ ജില്ല, അടങ്കല്‍ തുക - 2500.00 ലക്ഷം രൂപ, പ്രോത്സാഹന ധനസഹായം - 200.00 ലക്ഷം രൂപ. 5) ഷീ വര്‍ക്ക് സ്‌പേസ്, തൃശൂര്‍ ജില്ല, അടങ്കല്‍ തുക - 2895.00 ലക്ഷം രൂപ, പ്രോത്സാഹന ധനസഹായം- 200.00 ലക്ഷം രൂപ. 6) താമരച്ചാല്‍ ജലാശയ നവീകരണം, ആലപ്പുഴ ജില്ല, അടങ്കല്‍ തുക- 720.00 ലക്ഷം രൂപ, പ്രോത്സാഹന ധനസഹായം- 144.00 ലക്ഷം രൂപ. 7) ആനമതില്‍, കാസര്‍ഗോഡ് ജില്ല, അടങ്കല്‍ തുക- 321.80 ലക്ഷം രൂപ, പ്രോത്സാഹന ധനസഹായം- 64.36 ലക്ഷം രൂപ.

28-Jan-2022