കേന്ദ്ര സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയതായി റിപ്പോര്‍ട്ട്

മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള രണ്ട് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ൽ കേന്ദ്ര സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു വർഷം നീണ്ട അന്വേഷണത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സ്‌പൈവെയർ വാങ്ങുകയും പരീക്ഷിക്കുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ടില്‍ പറയുന്നു. ആഭ്യന്തര നിരീക്ഷണത്തിനായി വർഷങ്ങളോളം ഇത് ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നു, സോഫ്റ്റ്വെയര്‍ ഉപയോഗിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തീരുമാനമെടുക്കുന്നത് വരെ ഇത് തുടര്‍ന്നിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ചും ഇതില്‍ സൂചിപ്പിക്കുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേല്‍ ആദ്യമായായിരുന്നു സന്ദര്‍ശിച്ചത്. “മോദിയുടെ ഇസ്രായേല്‍ സന്ദർശനം വളരെ സൗഹാർദ്ദപരമായിരുന്നു. അദ്ദേഹവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കടൽത്തീരത്ത് ചെരുപ്പ് ധരിക്കാതെ ഒരുമിച്ചു നടക്കുകയും ചെയ്തിരുന്നു. പെഗാസസും മിസൈൽ സംവിധാനവും കേന്ദ്രബിന്ദുവാക്കി ഏകദേശം രണ്ട് ബില്യൺ ഡോളർ വിലമതിക്കുന്ന അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും ഒരു കരാറിലെത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു,” ന്യൂയോര്‍ക്ക് ടൈംസ് വിശദമാക്കി.

29-Jan-2022