ചെങ്ങന്നൂര്‍ ചെങ്കടലായി

ചെങ്ങന്നൂര്‍ : ആലപ്പുഴയിലെ സിപിഐ എമ്മിന്റെ തലയെടുപ്പുള്ള നായകന്‍ ചെങ്ങന്നൂരില്‍ സമാനതകളില്ലാത്ത വിജയം നേടി. ശക്തമായ ത്രികോണമത്സരമാണ് ചെങ്ങന്നൂരില്‍ നടന്നത്. അവസാനം ചരിത്രവിജയം ല്‍െ ഡി എഫിന് സമ്മാനിച്ചുകൊണ്ട് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ പുതുചരിത്രം എഴുതി. അതോടെ എല്‍ ഡി എഫ് മണ്ഡലം നിലനിര്‍ത്തി. ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍ യു ഡി എഫിലെ ഡി. വിജയകുമാറിനെ 20,914 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.

കഴിഞ്ഞതവണ മികച്ചപ്രകടനം കാഴ്ചവെച്ച ബി ജെ പി മുന്നണിയായ എന്‍ ഡി എയുടെ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് ആ നേട്ടം ആവര്‍ത്തിക്കാനായില്ല. എല്‍ ഡി എഫ്., യു ഡി എഫ് സ്ഥാനാര്‍ഥികള്‍ മുന്‍ തിരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ചപ്പോള്‍ ബി ജെ പി മുന്നണിയ്ക്ക് 7412 വോട്ടുകള്‍ കുറഞ്ഞു. 17 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മണ്ഡല ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷമാണിത്. കെ കെ രാമചന്ദ്രന്‍ നായര്‍ എം എല്‍ എ.യുടെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം മൂന്നുമടങ്ങ് വര്‍ധിച്ചു. ത്രികോണമത്സര പ്രതീതി ജനിപ്പിച്ച തിരഞ്ഞെടുപ്പില്‍ തപാല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍മുതല്‍ ലീഡ് പ്രകടമാക്കിയ എല്‍ ഡി എഫ് അവസാനംവരെയും അത് നിലനിര്‍ത്തി.

10 ഗ്രാമപ്പഞ്ചായത്തുകളിലും യു ഡി എഫ് ഭരണത്തിലുള്ള ചെങ്ങന്നൂര്‍ നഗരസഭയിലും ഭൂരിപക്ഷം നേടിയാണ് സജി ചെറിയാന്‍ മേധാവിത്വം പ്രകടിപ്പിച്ചത്. യു ഡി എഫ് ഭരിക്കുന്ന മാന്നാര്‍, വെണ്മണി, പാണ്ടനാട്, ആല ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടെ കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായിരുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും സജി ഒന്നാമതെത്തി. തിരുവന്‍വണ്ടൂരില്‍ കഴിഞ്ഞതവണ ബി ജെ പിയായിരുന്നു ഒന്നാമത്.

മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളും തന്നെ പിന്തുണച്ചെന്ന് സജി ചെറിയാന്‍ പറഞ്ഞു. കോണ്‍ഗ്രസിന് വീഴ്ചപറ്റിയതായി യു ഡി എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ ഡി എഫിന് മറിച്ചെന്ന് ബി ജെ പി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു.

വോട്ട് നില (ബ്രാക്കറ്റില്‍ കഴിഞ്ഞതവണത്തെ വോട്ട്) എല്‍ ഡി എഫ് 67,303 (52,880), യു ഡി എഫ് 46,347 (44,892), എന്‍ ഡി എ 35,269 (42,682). സജി ചെറിയാന്റെ ഭൂരിപക്ഷം പഞ്ചായത്ത് തിരിച്ച് : ചെങ്ങന്നൂര്‍ നഗരസഭ 621, മാന്നാര്‍ 2768, പാണ്ടനാട് 649, തിരുവന്‍വണ്ടൂര്‍ 20, മുളക്കുഴ 4205, ആല 850, പുലിയൂര്‍ 606, ബുധനൂര്‍ 2766, ചെന്നിത്തല 2943, ചെറിയനാട് 2424, വെണ്മണി 3046.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മുന്നണിയില്‍ എല്ലാം ഭദ്രമായിരുന്നു എന്ന്‍ അവകാശപ്പെടാന്‍ കഴിയുകയില്ല. മുന്നണിയിലെ രണ്ടാമന്‍ എന്ന്‍ അവകാശപ്പെടുന്ന സി പി ഐയുടെ പ്രകടനം പലപ്പോഴും സജി ചെറിയാനെ തോല്‍പ്പിക്കാന്‍ വേണ്ടി എന്നത് പോലെ ആയിരുന്നു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വോട്ടിനായി അഭ്യര്‍ത്ഥന നടത്തുന്നതിനേക്കാള്‍ കൂടുതല്‍ പറഞ്ഞത് വോട്ട് വേണ്ടെന്നുള്ള പ്രഖ്യാപനമാണ്. യു ഡി എഫില്‍ നിന്നും വന്ന വീരേന്ദ്രകുമാര്‍ മണ്ഡലത്തില്‍ പ്രചാരണത്തില്‍ സജീവമായി എങ്കിലും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ന്യൂസ് എല്‍ ഡി എഫ് വിരുദ്ധ തിമിരം ബാധിച്ച പോലെയാണ് വോട്ടിംഗ് ദിവസം വാര്‍ത്തകള്‍ ചമച്ചത്. ചെങ്ങന്നൂരിലെ വിജയം സിപിഐ എമ്മിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതമാവുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

01-Jun-2018