ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം

തിരുവനന്തപുരം : വൈറലായ ഫേസ്ബുക്ക് പോസ്റ്റിലൂടെ 'ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം' എന്ന എം എം മണിയുടെ പരിഹാസം യു ഡി എഫിനോട് മാത്രമല്ല, മാധ്യമങ്ങളോടുകൂടിയാണെന്ന് സോഷ്യല്‍ മീഡിയ.

പ്രശസ്തമായ ഈ സിനിമാ ഡയലോഗ് യോദ്ധ എന്ന സിനിമയിലേതാണ്. അശോകനുമായുള്ള മത്സരങ്ങളില്‍ നിരന്തരം തോല്‍ക്കുന്ന അപ്പുക്കുട്ടന്റെ വെല്ലുവിളിയാണ് ഈ ഡയലോഗ്. അവിടെയും അപ്പുക്കുട്ടനെ കാത്തിരിക്കുന്നത് തോല്‍വി തന്നെയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ തോല്‍പ്പിക്കാന്‍ വേണ്ടി ആഞ്ഞ് പരിശ്രമിച്ച യു ഡി എഫിനോട് മാത്രമല്ല മന്ത്രിയുട കൊട്ട് എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. വിനു വി ജോണും വേണു ബാലകൃഷ്ണനുമടക്കമുള്ള ദൃശ്യമാധ്യമ പ്രവര്‍ത്തകരോടുമാണ് അദ്ദേഹത്തിന്റെ പരിഹാസം.

എം എം മണിയുടെ ഗ്രാമ്യഭാഷാ പ്രയോഗങ്ങളെയും ശരീരഭാഷയെയും കണക്കറ്റ് പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ മണിവേട്ട ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്തും നടന്നിരുന്നു. അഡ്വ ജയശങ്കറെ പോലുള്ളവരെ ഉപയോഗിച്ച് എം എം മണിയെ ഇകഴ്ത്തി കാട്ടുന്ന മാധ്യമ രീതികള്‍ക്കുകൂടിയുള്ള മറുപടിയായാണ് 'ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം' എന്ന് എം എം മണി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

01-Jun-2018