ഏഴുസംസ്ഥാനങ്ങളില്‍ കര്‍ഷക സമരം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഏഴുസംസ്ഥാനങ്ങളില്‍ പത്തുദിവസം നീളുന്ന കര്‍ഷകസമരത്തിന് തുടക്കം. മധ്യപ്രദേശില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും സമരം ആളിപ്പടരുകയായിരുന്നു. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകരും വെള്ളിയാഴ്ച മുതല്‍ സമരത്തിലേക്ക് ഇറങ്ങിയിരിക്കുന്നു.

മധ്യപ്രദേശിലെ മന്‍സോറില്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ ആറുകര്‍ഷകര്‍ വെടിയേറ്റുമരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു കര്‍ഷകസമരം പ്രഖ്യാപിച്ചത്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത താങ്ങുവില നല്‍കുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

അതേ സമയം കര്‍ഷകരുടെ പ്രക്ഷോഭത്തെ പരിഹസിച്ചും അതിനെ അടിച്ചമര്‍ത്താനുള്ള പഴുതുകള്‍ നോക്കിയും കേന്ദ്രസര്‍ക്കാരും ബി ജെ പി നേതൃത്വം പരിശ്രമങ്ങള്‍ തുടങ്ങി. സമരത്തിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി. പ്രതിപക്ഷ പാര്‍ടികള്‍ ആസൂത്രണംചെയ്ത സമരമാണിതെന്ന് സിങ് ആരോപിച്ചു. സമരം രാഷ്ട്രീയപ്രേരിതമാണെന്നാണ് ചൗഹാന്റെ ആരോപണം.

02-Jun-2018