ഹസനാണോ അണ്ടന്‍? മൊശകോടന്‍ ആര്?

തിരുവനന്തപുരം : ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകൊടനും നേതൃസ്ഥാനത്തെത്തുന്നതിനാലാണ് കോണ്‍ഗ്രസ് പരാജയപ്പെടുന്നതെന്ന് കോണ്‍ഗ്രസ് മുഖപത്രം. ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി മുഖപത്രമായ വീക്ഷണം മുന്നോട്ടുവന്നത്. വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്.

Veekshanam

പാര്‍ട്ടിയുടെ നട്ടെല്ലായ മണ്ഡലം, ബൂത്ത് കമ്മറ്റികള്‍ ജഡാവസ്ഥയിലായിരിക്കുമ്പോഴും കെപിസിസിയുടെയും ഡിസിസിയുടെയും പുനഃസംഘടനയില്‍ മാത്രമാണ് നേതാക്കള്‍ ശ്രദ്ധിക്കുന്നത്. അത് അവരുടെ നിക്ഷിപ്ത താല്‍പ്പര്യമാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയായെന്നുവരെ വീക്ഷണം പറയുന്നു.

ബൂത്ത് തലം മുതല്‍ കര്‍മശേഷിയുള്ള നേതാക്കളെയും അണികളെയും കണ്ടെത്താത്തിടത്തോളം കേരളത്തിലെ കോണ്‍ഗ്രസിന് ശ്രേയസുണ്ടാവില്ലെന്ന് പറയുന്ന വീക്ഷണം നേതാക്കള്‍ക്ക് ഛത്രവും ചാമരവും വീശുന്നവരുടെ തള്ളാണ് പാര്‍ട്ടിയുടെ മുന്‍നിരയിലെന്നുള്ള രൂക്ഷ വിമര്‍ശനവും മുന്നോട്ടുവെക്കുന്നു. രാഷ്ട്രീയമായ പ്രതിബദ്ധതയും കാലികമായ സാക്ഷരതയും വിപ്ലവ വീര്യമുള്ള തലമുറയിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വം കൈമാറണമെന്നും നേതൃത്വത്തിലിരുന്ന് ജൂബിലികള്‍ ആഘോഷിച്ച നേതാക്കള്‍ പുതു തലമുറയുടെ ഉപദേശികളും മാര്‍ഗദര്‍ശികളുമാകണമെന്നും നിര്‍ദ്ദേശമുണ്ട്.

2016 ലെ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനുള്ള സാധ്യത കളഞ്ഞുകുളിച്ച യുഡിഎഫ് വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ശക്തരായ പ്രതിയോഗികളോട് ഏറ്റുമുട്ടാന്‍ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ലെന്നും ആധുനിക അടിതടകള്‍ പ്രയോഗിച്ചേ മതിയാകൂ എന്നും വീക്ഷണം പറയുന്നു. കാടിയും, പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതല്‍ പാല് ചുരത്താനാവുമെന്ന ചോദ്യവും ഉത്തരത്തിനുവേണ്ടി വീക്ഷണം മുന്നോട്ടുവെക്കുന്നുണ്ട്.

കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് യുദ്ധം തുടങ്ങാനിരിക്കുന്ന ശംഖൊലി പോലെ ഇന്നലെ വി എം സുധീരന്‍ പറഞ്ഞ വാക്കുകളുടെ തുടര്‍ച്ച പോലെയാണ് വീക്ഷണത്തിന്റെ എഴുത്ത്. നേരത്തെ വീക്ഷണത്തിലെ എഴുത്ത് വിവാദമായപ്പോള്‍ ചര്‍ച്ചയാവുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കെപിസിസി പ്രസിഡന്റുമായി ആലോചിക്കണമെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ, ഈ മുഖപ്രസംഗം എം എം ഹസന്‍ അറിഞ്ഞിട്ടില്ലെന്നാണ് സൂചനകള്‍. അണ്ടനും മൊശകോടനും എന്ന പ്രയോഗം എം എം ഹസനെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

02-Jun-2018