രാഹുല്‍ ബ്രിഗേഡിന്‍റെ പടയൊരുക്കം സഫലമാകുമോ?

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ജെ കുര്യനെതിരെ പടകുറിച്ച് രാഹുല്‍ബ്രിഗേഡിന്റെ സൈബറാക്രമണം. കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന അഭിപ്രായവുമായാണ് യുവ എംഎല്‍എമാരായ വി.ടി. ബല്‍റാമും ഷാഫി പറമ്പിലും രംഗത്തുവന്നിരിക്കുന്നത്. പി ജെ കുര്യന്‍ രാജ്യസഭയില്‍ മൂന്നും ലോക്‌സഭയില്‍ ആറും തവണ അംഗമായിട്ടുണ്ട്. അദ്ദേഹം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് വിടവാങ്ങാനുള്ള 'ഔചിത്യപൂര്‍വ'മായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലൂടെ വി ടി ബല്‍റാം വ്യക്തമാക്കി. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍നിന്ന് പി ജെ കുര്യന്‍ വിട്ടുനില്‍ക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. ഷാഫി പറമ്പിലും സമാനമായ അഭിപ്രായവുമായി രംഗത്തെത്തി. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇനി അവസരം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വനിതയോ മുസ്!ലിം ന്യൂനപക്ഷ പ്രതിനിധിയോ മലബാര്‍ ജില്ലകളില്‍നിന്നുള്ള നേതാവോ ആയാല്‍ ഉചിതമെന്നും ബല്‍റാം എഴുതി. കൂടാതെ സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ചിലരുടെ പേരുകളും യോഗ്യതയും ബല്‍റാം നിര്‍ദ്ദേശിച്ചു. ഷാനിമോള്‍ ഉസ്മാന്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ്, എം.ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരുടെ പേരുകളാണ് ബല്‍റാം എടുത്തുപറഞ്ഞിട്ടുള്ളത്. ഈ ദിശയിലുള്ള അഭിപ്രായങ്ങള്‍ ബഹുമാന്യനായ അഖിലേന്ത്യാ കോണ്‍ഗ്രസ് അധ്യക്ഷനെയും മറ്റു മുതിര്‍ന്ന നേതാക്കളേയും ഉചിതമാര്‍ഗേന അറിയിക്കുന്നുണ്ട്. ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ ഒരു പൊതു ചര്‍ച്ച ഉണ്ടാവുന്നതിലും അപാകതയില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയും പറയുന്നത്. അതുള്‍ക്കൊള്ളാനും കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാനും കഴിയുന്നവരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ എന്നാണ് എന്റെ പ്രതീക്ഷ. ബല്‍റാം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

അതേസമയം, പി.ജെ.കുര്യനു പുറമെ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെതിരെയും ഷാഫി പറമ്പില്‍ വിമര്‍ശനം ഉന്നയിക്കുന്നു. അനാരോഗ്യം മൂലം എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സ്ഥാനം ഒഴിഞ്ഞതുപോലെ തങ്കച്ചനും സ്ഥാനത്യാഗം നടത്തണമെന്നാണ് ഷാഫി സമൂഹമാധ്യമത്തിലിട്ട കുറിപ്പില്‍ ആവശ്യപ്പെടുന്നത്. എല്ലാവരും ഉത്തരവാദികളാണെന്നു പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പില്‍ ആത്മവിമര്‍ശനം വേണമെന്നും തന്റേതടക്കമുള്ള മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസിന് എത്ര ബൂത്ത് കമ്മറ്റികളുണ്ടെന്നും ചോദിക്കുന്നു. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോകരുതെന്നും പ്രതിസന്ധികളില്‍ ആരെയും പിണക്കാത്ത ബാലന്‍സിങ്ങിനു ശ്രമിക്കാതെ തീരുമാനമെടുക്കണമെന്നും ഷാഫി ആവശ്യപ്പെടുന്നു. ചില കാര്യങ്ങളോടും ചിലരോടും ചിലപ്പോഴെങ്കിലും അവനവനോടും 'ചീ' പറയാനുള്ള ശേഷി വീണ്ടെടുക്കണം. വെല്ലുവിളികള്‍ ഉണ്ടാവുമ്പോള്‍ തോറ്റോടുന്നവരല്ല പാര്‍ട്ടി നേതാക്കന്മാരും പ്രവര്‍ത്തകരും. മറിച്ച് അതിനെയെല്ലാം ക്രിയാത്മകമായി അതിജീവിക്കുന്നവരാണ് – ഷാഫി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സൈബര്‍ സഹപ്രവര്‍ത്തകരോടുള്ള ഉപദേശവും ഷാഫി കുറിപ്പിലൂടെ നല്‍കുന്നുണ്ട്. ഒരു ഉപതിരഞ്ഞെടുപ്പ് തോല്‍വി കൊണ്ട് ലോകം അവസാനിക്കുകയാണെന്ന മട്ടില്‍ പെരുമാറരുത്. പിറവവും അരുവിക്കരയും നെയ്യാറ്റിന്‍കരയുമൊക്കെ പരാജയപ്പെട്ടപ്പോള്‍ സൈബര്‍ സഖാക്കന്‍മാര്‍ ദാഹിച്ചത് പിണറായി വിജയന്റെ രക്തത്തിനല്ല .അവര്‍ അപ്പോഴും വേട്ടയാടിയിരുന്നത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നെന്ന് ഓര്‍മ്മിപ്പിക്കുന്നു. അനിവാര്യമായ മാറ്റങ്ങള്‍ നമ്മളില്‍ നിന്ന് തന്നെ തുടങ്ങണം. സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ല എന്ന് നേതൃത്വവും തിരിച്ചറിയട്ടെ ഷാഫി പറയുന്നു.

ബല്‍റാമും ഷാഫിയും കോണ്‍ഗ്രസിന്റെ സംവിധാനങ്ങളിലൂടെ എം എല്‍ എമാരായവരല്ലെന്നും രാഹുല്‍ഗാന്ധിയുടെ ക്യാമ്പസ് സിലക്ഷനിലൂടെ കയറിക്കൂടിയവരാണെന്നും പക്വമായ പ്രതികരണമല്ല അവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. രാജ്‌മോഹന്‍ ഉണ്ണിത്താന്റെയൊക്കം പേര് നിര്‍ദേശിക്കുന്ന നിലവാരം ശരാശരിക്കും താഴെയാണെന്നും അദ്ദേഹം പറഞ്ഞു. പി ജെ കുര്യനെ സമൂഹത്തില്‍ ആക്ഷേപിക്കാന്‍ വേണ്ടി ഗുണ്ടകളെ ഇറക്കാനുള്ള ആഹ്വാനം പോലെയണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതായാലും കോണ്‍ഗ്രസില്‍ പടതുങ്ങി കഴിഞ്ഞിരിക്കുരകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതിന്റെ പരിസമാപ്തി എങ്ങിനെയെന്നത് കണ്ടുതന്നെ അറിയണം.  

03-Jun-2018