സിപിഐ എം രാജ്യസഭാ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച തീരുമാനിക്കും

തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ചില കുത്തക മാധ്യമങ്ങള്‍ യു ഡി എഫിന്റെ ഘടകകക്ഷികളെ പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെങ്ങന്നൂരിലുണ്ടായത് ചരിത്ര വിജയമാണെന്നും അതിന്റെ ശോഭ കെടുത്താന്‍ ഇപ്പോള്‍ യു ഡി എഫും ബി ജെ പിയും ചില മാധ്യമങ്ങളുടെ സഹായത്തോടെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന കമ്മറ്റി പരിശോധിച്ചു എന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച റിവ്യുറിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റി അംഗീകരിച്ചെന്നും കോടിയേരി പറഞ്ഞു.

സിപിഐ എം രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഇന്നലെയും ഇന്നും കൂടിയ പാര്‍ടി സംസ്ഥാന കമ്മര്‌റി സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കൂടുന്ന  സെക്രട്ടേറിയറ്റ് രാജ്യസഭാ സ്ഥാനാര്‍ത്ഥി ആരാവണമെന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കും. കേരളത്തിലെ സിപിഐ എംന്റെ പതിനാറ് സെക്രട്ടറിയറ്റംഗങ്ങളും കേന്ദ്രകമ്മറ്റി അംഗങ്ങളും അടങ്ങുന്ന സംസ്ഥാന കേേ്രന്ദ രൂപീകരിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം സജീവമാക്കാന്‍ തീുമാനിച്ചിട്ടുണ്ട്.

എല്‍ഡിഎഫിന്റെ അടിത്തറ വികസിപ്പിക്കും. യു ഡി എഫ് വിട്ടുവന്ന ജനതാദളിനെ പോലെ ആര്‍ എസ് പി നിലപാടുകള്‍ മാറ്റി എല്‍ ഡി എഫിനൊപ്പം വരാന്‍ തയ്യാറാവുന്നില്ല. അവര്‍ കേന്ദ്രത്തില്‍ ഇടതുപക്ഷത്തോടൊപ്പം ആണെങ്കിലും കേരളത്തില്‍ ജനവിരുദ്ധമായ നിലപാടെടുത്ത് നില്‍ക്കുകയാണ്. അടുത്ത ലോകസഭാ ഇലക്ഷനില്‍ യു ഡിഎഫ് തകരുമ്പോള്‍ ആര്‍ എസ് പിക്ക് കാര്യങ്ങള്‍ നന്നായി ബോധ്യപ്പെടുമായിരിക്കും. എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് കുറയുന്നതായി കാണാം. അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുടെ വോട്ട് കുറഞ്ഞു. ചെങ്ങന്നൂരിലും ഇത് കണ്ടു. ബിജെപിയെ പ്രതിരോധിക്കുന്നതിന് ഫലപ്രദമായി ഇടപെടാന്‍ ഇടതുഭരണം സഹായകമായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ച കര്‍ണാടകയില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സാധിച്ചില്ല. ഇത് കൃത്യമായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ പുനഃസംഘടന തങ്ങളുടെ അജണ്ടയില്‍ ഇല്ല. മന്ത്രിമാര്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആ പശ്ചാത്തലത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പുനസംഘടനയുടെ കാര്യമില്ല. കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.



03-Jun-2018