നിപ വൈറസ് ആശങ്ക വേണ്ടന്ന് ഉന്നതതലയോഗത്തിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് വിലയിരുത്തല്‍. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. രണ്ടാം ഘട്ടത്തില്‍ ചുരുങ്ങിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച 18 കേസുകളില്‍ 16 പേരാണ് മരിച്ചത്. കണ്ണൂരിലും വയനാട്ടിലും ഓരോ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആശങ്കയുടെ സാഹചര്യമില്ലെങ്കിലും ജൂണ്‍ 30 വരെ ജാഗ്രതയോടെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെ. ഇതിനിടെ ചെറിയ വീഴ്ചകള്‍ പോലും ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നിന്നുള്ള മെഡിക്കല്‍ സംഘം കോഴിക്കോട് തുടരാന്‍ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എപ്പിഡമിയോളജി എന്നിവടങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും. വൈറസ് ബാധിച്ചവരുമായി അടുത്തിടപഴകിയവരെന്ന് സംശയിക്കപ്പെടുന്ന രണ്ടായിരത്തോളം പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. ഇവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ നല്‍കും. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതയും കോഴിക്കോട് നിന്നുമാണ് യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം രണ്ടാം ഘട്ടത്തില്‍ പുതിയ നിപ വൈറസ് ബാധിതരില്ലെന്ന് സ്ഥിരീകരണം പുറത്തുവന്നു. ഇന്ന് പരിശോധനയ്ക്ക് അയച്ച 22 സാംപിളുകളുടേയും ഫലം  നെഗറ്റീവ് ആണ്.  പരിശോധനയ്ക്കായി അയച്ച ടെസ്റ്റുകളുടെയെല്ലാം റിസല്‍ട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിപ കാരണം ഒരു മരണവും പുതുതായി ഉണ്ടായില്ല. പുതുതായി നിപ ബാധിക്കപ്പെട്ടോ എന്നു സംശയിക്കുന്ന കേസുകളും ഉണ്ടായില്ല. ഇതുവരെ ലഭിച്ച 205 റിസള്‍ട്ടുകളില്‍ 18 പേരിലാണ് നിപ സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ മരിച്ചു. നിപ സ്ഥിരീകരിച്ച നേഴ്‌സിങ് വിദ്യാര്‍ഥിയും മലപ്പുറം സ്വദേശിയും സുഖം പ്രാപിച്ചുവരികയാണ്. ഞായറാഴ്ച ഒമ്പത് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പടെ 22 പേര്‍ നിരീക്ഷണത്തിലുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ 2079 പേരുണ്ട്. ഇവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും നിപ സെല്ലും പ്രവര്‍ത്തിക്കുന്നു. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ ആരോഗ്യവകുപ്പാണ് പുറത്ത് വിട്ടത്.

03-Jun-2018