പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് പരിപാടിയില്‍ മുഖ്യാതിഥിയാവുന്നു. രാഹുല്‍ഗാന്ധി മൗനവ്രതത്തില്‍ തന്നെ

ന്യൂഡല്‍ഹി : വിവാദങ്ങള്‍ക്കെല്ലാം നാഗ്പുരില്‍ വെച്ച് മറുപടി പറയാമെന്ന് പറഞ്ഞ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്തുവന്നു. നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയാകാനുള്ള തീരുമാനത്തിന്‍ മേലാണ് പ്രണബിന്റെ പുതിയ വിശദീകരണം. കോണ്‍ഗ്രസില്‍ നിന്ന് പ്രണവിന്റെ നാഗ്പൂര്‍ ബാന്ധവത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. 'എനിക്കെന്താണോ പറയാനുള്ളത് അതു നാഗ്!പുരില്‍ പറയും. ഒരുപാടു കത്തുകളും ഫോണ്‍ കോളുകളും വന്നിട്ടുണ്ട്. ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല' പ്രണബ് മുഖര്‍ജി നയം വ്യക്തമാക്കി. ആര്‍ എസ് എസിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിഷയത്തിന് വര്‍ഗീയമാനം നല്‍കേണ്ടതില്ലെന്നും നേരത്തേ തന്നെ അദ്ദേഹം പറഞ്ഞിരുന്നു.

പ്രണബിന്റെ തീരുമാനത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ വിയോജിപ്പുകളുമായി രംഗത്തുവന്നിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ജയറാം രമേശ്, ജാഫര്‍ ഷെരീഫ്, അദിര്‍ ചൗധരി തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എ ഐ സി സി അധ്യക്ഷന്‍ഡ രാഹുല്‍ ഗാന്ധിയുടെ മൗനം അര്‍ത്ഥഗര്‍ഭമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മൃദുഹിന്ദുത്വ രാഷ്ട്രീയവുമായി കോണ്‍ഗ്രസിനെ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്ന രാഹുല്‍, പ്രണബിന്റെ നാഗ്പൂര്‍ സന്ദര്‍ശനത്തെയും ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ഭഗവതുമായുള്ള കൂടിക്കാഴ്ചയെയും പ്രതീക്ഷയോടെയാണ് കാണുന്നതെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.  

ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത് അവരുടെ ആശയസംഹിതയുടെ അപകടം ബോധ്യപ്പെടുത്തണമെന്ന പി ചിദംബരത്തിന്റെ അഭിപ്രായവും മതനിരപേക്ഷതയെക്കുറിച്ചുള്ള നിലപാടുകള്‍ പ്രഖ്യാപിക്കാന്‍ ഇതിലും നല്ല വേദി ലഭിക്കില്ലെന്നുള്ള സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ അഭിപ്രായപ്രകടനവുമൊക്കെ രാഹുലിനെ പിണക്കേണ്ടെന്ന് കരുതിയുള്ളതാണ്.

രാഷ്ട്രപതിയായിരുന്ന വേളയിലും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി ഒന്നിലേറെ തവണ പ്രണബ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിസ്ഥാനത്തുണ്ടായിരുന്ന പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു പാര്‍ട്ടിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സ്വയംസേവകര്‍ക്കുള്ള പരിശീലനത്തിന്റെ (സംഘ് ശിക്ഷാ വര്‍ഗ്) സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണമാണു പ്രണബ് സ്വീകരിച്ചിരിക്കുന്നത്. നേപ്പാള്‍ മുന്‍ കരസേനാ മേധാവി ജനറല്‍ റൂക്മംഗദ് കട്വാള്‍ (2017), മുതിര്‍ന്ന ബംഗാളി മാധ്യമപ്രവര്‍ത്തകന്‍ രന്ദിദേവ് സെന്‍ഗുപ്ത (2016), കര്‍ണാടക ധര്‍മശാസ്താ ക്ഷേത്രം ധര്‍മാധികാരി ഡി.വീരേന്ദ്ര ഹെഗ്‌ഡെ (2015), ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ (2014) തുടങ്ങിയവര്‍ ആര്‍ എസ് എസ് പരിപാടിയില്‍ മുഖ്യാതിഥിയായിട്ടുണ്ട്.

ആര്‍ എസ് എസ് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ പോലെയല്ല, ദേശീയവാദികളുടെ സംഘടനയാണ്. രാഷ്ട്രീയ തൊട്ടുകൂടായ്മ നല്ലതല്ലെന്നു പറഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ബി ജെ പിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രണബിനെ മുന്നില്‍ നിര്‍ത്തി ഫാസിസ്റ്റ് സംഘടനയായ ആര്‍ എസ് എസിനെ വെള്ളപൂശാനായി ആര്‍ എസ് എസ് നേതൃത്വം ശ്രമിക്കുമ്പോള്‍, പ്രണബിനെ മുന്നില്‍ നിര്‍ത്തി ആര്‍ എസ് എസുമായി എന്തെങ്കിലും നീക്കുപോക്കുണ്ടാക്കാന്‍ സാധിക്കുമോ എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചിന്തിക്കുന്നത്.  

03-Jun-2018