പ്രമുഖ മാധ്യമപ്രവര്‍ത്തക ലീലാമേനോന്‍ അന്തരിച്ചു

കൊച്ചി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ (86)അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം.  ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററാണ്.

ഇന്ത്യന്‍ മാധ്യമ മേഖലയില്‍ മറ്റൊരു സ്ത്രീക്കും കഴിയാത്ത നേട്ടങ്ങളുടെ ഉടമയാണു ലീലമേനോന്‍. മാധ്യമപ്രവര്‍ത്തനത്തിലേക്കു വരാന്‍ പൊതുവേ സ്ത്രീകള്‍ മടിച്ചുനിന്ന കാലത്ത് ആ വെല്ലുവിളി ഏറ്റെടുത്തു വെന്നിക്കൊടി പാറിച്ചു. 1932–ല്‍ എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടില്‍ പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും ജാനകിയമ്മയുടേയും മകളായി പിറന്ന ലീലയ്ക്ക് പത്രപ്രവര്‍ത്തനം ആവേശമായിരുന്നു  വെങ്ങോല പ്രൈമറിസ്‌കൂള്‍, പെരുമ്പാവൂര്‍ ഇംഗ്ലിഷ് സ്‌കൂള്‍ ഹൈദരാബാദ് നൈസാം കോളജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം. 1948–ല്‍, പതിനേഴാം വയസില്‍ പോസ്റ്റ് ഓഫീസില്‍ ടെലിഗ്രാഫറായി ജോലി. ആദ്യം ഹൈദരാബാദിലും പിന്നീട് കൊച്ചിയിലുമായിരുന്നു നിയമനം. തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തനരംഗത്തേക്ക് വന്നത്.

ഭാരതീയ വിദ്യാഭവന്റെ ജേണലിസം ഡിപ്ലോമ സ്വര്‍ണ മെഡലോടെ പാസായി. 1978–ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡല്‍ഹി യൂണിറ്റില്‍ പത്രപ്രവര്‍ത്തനത്തില്‍ ഹരിശ്രീ കുറിച്ചു. ന്യൂഡല്‍ഹി, കോട്ടയം, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായിരിക്കെ 2000–ല്‍ പിരിഞ്ഞു. ഔട്ട്‌ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയില്‍ പംക്തികള്‍ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോര്‍പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററും ജന്മഭൂമിയുടെ ചീഫ് എഡിറ്ററുമായി. മാധ്യമമേഖലയില്‍ നിരവധി നേട്ടങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്.

ഭര്‍ത്താവ് പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കരമേനോന്‍. 'നിലയ്ക്കാത്ത സിംഫണി' എന്ന ആത്മകഥയും 'ഹൃദയപൂര്‍വം' എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

03-Jun-2018