പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള മുരളീധരന് അല്പ്പനും അഭിപ്രായസ്ഥിരതയില്ലാത്തവനുമെന്ന് കെപിസിസി സെക്രട്ടറിമാര്‍
അഡ്മിൻ
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച നേതാവാണ് കെ മുരളീധരനെന്ന് കെപിസിസി സെക്രട്ടറിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അല്പ്പനും അഭിപ്രായസ്ഥിരതയില്ലാത്തവനുമാണ് മുരളിയെന്നും അവര്‍ കൂട്ടിചേര്‍ത്തു. പഴകുളം മധു, എം എം നസീര്‍, ജ്യോതികുമാര്‍ ചാമക്കാല എന്നീ കെപിസിസി സെക്രട്ടറിമാരുടേതാണ് പ്രസ്താവന. പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ എന്നും തിരിഞ്ഞുകൊത്തുന്നയാളാണെന്ന് മുരളീധരന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ദേശാടനക്കിളികളെപ്പോലെ ബൂത്ത് മാറ്റി വോട്ട് ചേര്‍ത്തശേഷം വീമ്പ് പറയുന്നതിനെ അല്പ്പത്തമെന്നേ വിശേഷിപ്പിക്കാനാകൂ. ചെങ്ങന്നൂരിലെ കുടുംബയോഗത്തില്‍ നിന്ന് പൈലറ്റ് വാഹനം ഇല്ലാത്തതിന്റെ പേരില്‍ വിട്ടുനിന്ന ആളാണ് മുരളിയെന്നും കെപിസിസി സെക്രട്ടറിമാര്‍ തുറന്നടിച്ചു. തന്റെ ബൂത്തിലെ ഭൂരിപക്ഷത്തെക്കുറിച്ച് വാചാലനാകുന്ന അദ്ദേഹം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിലാത്തിക്കുളം കാരപ്പറമ്പ് വാര്‍ഡില്‍ ആരാണ് ജയിച്ചതെന്നും കോഴിക്കോട് നോര്‍ത്തിലെ ഏത് ബൂത്താണ് അദ്ദേഹത്തിന്റേതെന്ന് വ്യക്തമാക്കണമെന്നും സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടു.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് രാഷ്ട്രീയകേരളം മറന്നിട്ടില്ല. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകാനുള്ള കഴിവും മുരളിക്കുമാത്രം അവകാശപ്പെട്ടതാണ്. സോഷ്യല്‍മീഡിയ വഴി തന്റെ അനുയായികളെ ഉപയോഗിച്ച് മറ്റുനേതാക്കളെ അപമാനിക്കുന്ന മുരളിയുടെ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും കെപിസിസി സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടു.
അതേസമയം, കെപിസിസി സെക്രട്ടറിമാരുടെ പ്രസ്താവനയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും സോഷ്യല്‍മീഡിയ വഴി ചെന്നിത്തലയെ ജനങ്ങള്‍ പരിഹസിക്കുമ്പോള്‍ കോണ്‍ഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് മുരൡയെ ആക്രമിക്കുന്ന ശൈലിക്ക് കോണ്‍ഗ്രസ് പാര്‍ടിക്കകത്ത് കടുത്ത കലാപം ഉണ്ടാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെടാതിരിക്കാനായി രമേശ് ചെന്നിത്തല വല്ലാതെ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആ പദവി മുരളീധരന് കൈമാറിയാല്‍ കേരളത്തിലെ പ്രതിപക്ഷം പുനരുജ്ജീവിക്കുമെന്നാണ് സാധാരണ പ്രവര്‍ത്തകരുടെ വികാരമെന്നും അദ്ദേഹം വ്യ്ക്തമാക്കി. വൈകാതെ കെപിസിസി വാചകയുദ്ധം തെരുവ് കലാപമായി മാറുമെന്ന പ്രതീക്ഷയില്‍ കെപിസിസി ഓഫീസിന് മുന്നില്‍ ഒബി വാനുമിട്ട് കാത്തിരിക്കുന്ന മാധ്യമങ്ങളെയും തിരുവനന്തപുരത്ത് കാണാനാവുന്നുണ്ട്.