തരൂരിന് സമന്‍സ്. കോടതിയില്‍ ഹാജരാവണം

ന്യൂഡല്‍ഹി : സുനന്ദപുഷ്‌കര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ശശിതരൂര്‍ എം പിക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചു. ജൂലൈ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തരൂരിന് സമന്‍സ് അയച്ചിരിക്കുന്നത്.

കേസില്‍ തരൂരിനെതിരായ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ആത്മഹത്യാ പ്രേരണ (ഐപിസി 306), ഗാര്‍ഹിക പീഡനം (498 എ) എന്നീ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും നാല് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. കേസില്‍ കഴിഞ്ഞ മാസമാണ് അന്വേഷണസംഘം ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിഷാദ രോഗത്തിനുള്ള അല്‍പ്രാക്‌സ് എന്ന മരുന്ന് അമിത അളവില്‍ കഴിച്ചതിനെ തുടര്‍ന്ന് സുനന്ദ മരണപ്പെട്ടുവെന്നാണ് കുറ്റപത്രം.

ഡല്‍ഹിയിലെ ലീല ഹോട്ടലിലെ 345ാം നമ്പര്‍ മുറിയില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ രാഷ്ട്രീ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് സുനന്ദയുടെ മരണം.



           

06-Jun-2018