ഓണ്‍ലൈനില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ

ന്യൂഡല്‍ഹി : സോഷ്യല്‍മീഡിയ അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ.  വനിതാ ശിശുക്ഷേമമന്ത്രാലയമാണ് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവരുന്നത്. സാമൂഹികമാധ്യമങ്ങളുള്‍പ്പെടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകളെ അമാന്യമായി ചിത്രീകരിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷംവരെ തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ ഉറപ്പാക്കുംവിധമാണ് ഭേദഗതി. 1986ല്‍ കൊണ്ടുവന്ന, സ്ത്രീകളെ സഭ്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കല്‍ നിരോധന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയുടെ കരട് മന്ത്രാലയം തയ്യാറാക്കി. നിലവില്‍ ഈ നിയമം അച്ചടിമാധ്യമങ്ങള്‍ക്കുമാത്രമാണ് ബാധകം. രണ്ടുവര്‍ഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. പുതിയ വ്യവസ്ഥകളനുസരിച്ച് ട്വിറ്റര്‍, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയവയില്‍ സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ശിക്ഷിക്കാനാകും. ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്ന 2000ലെ ഐ.ടി. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് സമാനമാണ് പുതിയ ഭേദഗതി.

''അച്ചടിമാധ്യമങ്ങളില്‍നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കം പ്രചരിക്കുന്നത് വളരെ വേഗമാണ്. അതുകൊണ്ടുതന്നെ നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഭേദഗതിയുടെ കരട് നിയമമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് ഉടന്‍ അയക്കും'' വനിതാമന്ത്രാലയം സെക്രട്ടറി ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

2012ല്‍ യു.പി.എ. സര്‍ക്കാരിന്റെകാലത്ത് സമാനഭേദഗതികളടങ്ങുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും അംഗീകരിച്ചില്ല. അന്നത്തെ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആറുവര്‍ഷത്തെ അനിശ്ചിതത്വത്തിനുശേഷം കരടുരൂപം തയ്യാറാക്കിയത്. വിവിധ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കുനേരെ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരേ പരാതിപ്പെടാന്‍ ദേശീയ വനിതാകമ്മിഷനുകീഴില്‍ അതോറിറ്റിക്ക് രൂപം നല്‍കും. വനിതാകമ്മിഷനിലെ മെമ്പര്‍ സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന അതോറിറ്റിയില്‍ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, വാര്‍ത്താ വിതരണ മന്ത്രാലയം എന്നിവയുടെ പ്രതിനിധികളും ഉണ്ടാകും.

ഇന്ത്യന്‍ പാട്രിയാര്‍ക്കി വ്യവസ്ഥയുടെ വക്താക്കളായ ആര്‍ എസ് എസ് ഈ നിയമഭേദഗതിയോട് ആരോഗ്യകരമായല്ല പ്രതികരിച്ചത്. ഭേദഗതി അവതരിപ്പിച്ച് പാസാക്കുന്നതിന് മുമ്പ് ആര്‍ എസ് എസ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടാകുമോ എന്ന ഭീതിയിലാണ് വനിതാമന്ത്രാലയം ഉള്ളത്.

06-Jun-2018