തിരുവനന്തപുരം : ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മലയാളത്തിന്റെ ശരിമയെ തെളിയിക്കാനുള്ള ഭാഷാ പ്രയോഗങ്ങളെ കുറിച്ചുള്ള പ്രകാശനങ്ങളായിരുന്നു പന്‍മനയുടെ ജീവിതം. തെളിനീരുറവപോലെ പരിശുദ്ധമായ ഭാഷാ ശുദ്ധി ലക്ഷ്യമിട്ട് അദ്ദേഹം നടത്തിയ രചനകള്‍ പുസ്തകങ്ങളുമായിട്ടുണ്ട്. തെളിമലയാളം പഠിപ്പിക്കാനായി അവസാനകാലം വരെ അദ്ദേഹം യത്‌നിച്ചു.
1931 ആഗസ്റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയില്‍ ജനിച്ചു. അച്ഛന്‍: എന്‍.കുഞ്ചു നായര്‍. അമ്മ: എന്‍.ലക്ഷ്മിക്കുട്ടിയമ്മ. സംസ്‌കൃതത്തില്‍ 'ശാസ്ത്രി'യും ഫിസിക്‌സില്‍ ബിഎസ്!സി ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ ജയിച്ച് (1957) ഡോ. ഗോദവര്‍മ്മസ്മാരക സമ്മാനം നേടി. രണ്ടുകൊല്ലം മലയാളം ലക്‌സിക്കണില്‍. തുടര്‍ന്ന് പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം ഗവ. കോളേജുകളില്‍ അധ്യാപകന്‍. യൂണിവേഴ്‌സിറ്റി കോളജില്‍ മലയാളവിഭാഗം അധ്യക്ഷനായിരിക്കെ 1987ല്‍ സര്‍വീസില്‍നിന്നു പിരിഞ്ഞു. കേരളഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഇവയുടെ സമിതികളിലും കേരള സര്‍വകലാശാല സെനറ്റിലും അംഗമായിരുന്നു. ഭാര്യ: കെ.എന്‍.ഗോമതിയമ്മ.
പ്രഫ. എസ് ഗുപ്തന്‍ നായര്‍ എന്ന വകുപ്പുമേധാവിയാണു പന്മനയിലെ അധ്യാപകനെ തേച്ചുമിനുക്കിയത്. അക്കാലത്തു ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു പന്മന. അദ്ദേഹത്തെ അനുകരിച്ച് ഒട്ടേറെ അനുരാഗ കവിതകളെഴുതി. കഥയും കവിതയുമൊക്കെ എഴുതാന്‍ നല്ല കഴിവുള്ള ഒട്ടേറെപ്പേരുണ്ടെന്നു തിരിച്ചറിഞ്ഞാണു ഭാഷാശുദ്ധി എന്ന വേറിട്ട മേഖല പന്മന തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ലെന്നു മാത്രമല്ല, അനിവാര്യതയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.