സംവരണം പരിഗണിക്കണമെന്ന് കേന്ദ്രത്തിനോട് സുപ്രീം കോടതി
അഡ്മിൻ
ന്യൂഡല്‍ഹി : ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പട്ടികജാതി പട്ടികവര്‍ഗ സംവരണം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ അന്തിമ വിധി വരുന്നത് വരെ സംവരണം തുടരാമെന്ന് ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. പ്രമോഷനില്‍ പട്ടികജാതി പട്ടികവര്‍ഗ ജീവനക്കാരുടെ പ്രമോഷന് സംവരണം പരിഗണിക്കാമോ ഇല്ലയോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സ്ഥാനക്കയറ്റത്തിന് സംവരണം പരിഗണിക്കുന്നത് സംബന്ധിച്ച് വിവിധ ഹൈക്കോടതികളുടെ വ്യത്യസ്ത ഉത്തരവുകളാണ് നിലവിലുള്ളത്. ഡല്‍ഹി, ബോംബെ, പഞ്ചാബ് ഹരിയാന ഹൈക്കോടതികള്‍ റിസര്‍വേഷന്‍ സംബന്ധിച്ച് വ്യത്യസ്തമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആശയവ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിലവിലെ നിയമപ്രകാരമുള്ള സംവരണം തുടരാമെന്ന് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, അശോക് ഭൂഷന് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സുപ്രീം കോടതിയുടെ തന്നെ മുന്‍കാല ഉത്തരവുകളും കൂടി പരിഗണിച്ചാണ് വിധി. കഴിഞ്ഞ മാസം 17ന് ജസ്റ്റിസ് കുര്യന് ജോസഫ് പുറപ്പെടുവിച്ച ഉത്തരവും രണ്ടംഗ ബെഞ്ച് പരാമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗാണ് കോടതിയില്‍ ഹാജരായത്.