കോണ്‍ഗ്രസിലെ പട കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക്
അഡ്മിൻ
തിരുവനന്തപുരം : പാളയത്തില്‍പ്പട മൂര്‍ച്ഛിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് തിരിച്ചു. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് കലാപം ഒഴിവാക്കാനും സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കാനുമാണ് തിരക്കുപിടിച്ച ഡല്‍ഹിയ യാത്ര. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസ്സന് തുടങ്ങിയവരൊക്കെ ഇന്ന് ഡല്‍ഹിയിലുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, മുതിര്‍ന്ന നേതാവ് എ കെ ആന്റണി എന്നിവരുമായി നടത്തുന്ന മാരത്തണ്‍ ചര്‍ച്ചകളിലൂടെ ഉണ്ടാവുമെന്ന് കരുതുന്ന സമവായമാണ് ഗ്രൂപ്പ് നേതാക്കളുടെ പ്രതീക്ഷ. പുതിയ കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, രാജ്യസഭാ സ്ഥാനാര്‍ഥി എന്നീ സ്ഥാനങ്ങളിലേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിലായിരുന്നു കേരളത്തില്‍ കലാപമുണ്ടായത്. പരമാവധി പരസ്പരം ഇകഴ്ത്തി കാട്ടാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു. ഇപ്പോള്‍ പന്ത് ഹൈക്കമാന്‍ഡിന്റെ കൈയ്യിലാണുള്ളത്. ഗോളടിക്കാന്‍ ആരുടെ നേര്‍ക്കി പന്ത് കൊടുക്കുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ നേതൃത്വം.
രാജ്യസഭാ സീറ്റിലേക്ക് പി ജെ കുര്യനെ പരിഗണിക്കരുതെന്ന് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്റെ രാജ്യസഭാംഗത്വം ഉറപ്പിക്കാനുള്ള ചരടുവലികള്‍ കുര്യന് ഡല്‍ഹിയില്‍ സജീവമാക്കി. സോണിയാഗാന്ധിയാണ് പി ജെ കുര്യന്റെ തുറുപ്പ് ചീട്ട്. പ്രമുഖ കൃസ്തീയസഭകളും കുര്യന് വേണ്ടി സോണിയയോട് സംസാരിച്ചു. രാഹുല്‍ഗാന്ധി അമ്മയുടെ വാക്കുകള്‍ ധിക്കരിച്ച് ഒരു തീരുമാനത്തിലേക്ക് പോകില്ലെന്ന പ്രതീക്ഷയിലാണ് പി ജെ കുര്യനുള്ളത്. മാത്രമല്ല, കുര്യനാവുമ്പോള് രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം മാറ്റമില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. ബിജെപി നേതൃത്വവുമായി കുര്യനുള്ള അടുപ്പം കൂടി പരിഗണിച്ചാണ് ഇത്തരത്തില്‍ വിലയിരുത്തുന്നത്. കുര്യനല്ലാതെ മറ്റാരെങ്കിലും മത്സരിച്ചാല്‍ ഉപാധ്യക്ഷസ്ഥാനത്തേക്ക് എന്‍ഡിഎ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. കോണ്‍ഗ്രസിനാകട്ടെ നിലവിലെ സാഹചര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ടികളുടെ സഹകരണമില്ലാതെ ജയിക്കാനുമാകില്ല.
അതേസമയം കുര്യനെതിരായി യുവനേതാക്കള്‍ കൂട്ടത്തോടെ രംഗത്തുവന്നതിന് പിന്നിലുള്ള ശക്തികളെ കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്വേഷിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുടെ പിന്‍ബലമില്ലാതെ ഇത്തരത്തിലുള്ള പരസ്യ പ്രതികരണങ്ങള്‍ക്ക് ചെറുപ്പക്കാരെല്ലാം ഒന്നിച്ച് മുന്നോട്ട് വരില്ല. എ കെ ആന്‍ണിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ പാര്‍ലമെന്റ് സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെടാത്തവര്‍ കുര്യനെ മാത്രം ലക്ഷ്യം വെക്കുന്നതില്‍ ഹൈക്കമാന്‍ഡിന് സംശയമുണ്ട്. അതില്‍ കേന്ദ്രനേതൃത്വം ആശയക്കുഴപ്പത്തിലാണുള്ളത്. പി ജെ കുര്യനെ അപഹസിച്ച യുവനേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന പി സി ചാക്കോ ചരടുവലികളുമായി കളത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒരേസമയം ഇരയുടെയും വേട്ടക്കാരന്റെയും പക്ഷത്താണ് ചാക്കോയുള്ളതെന്ന് ഒരു യുവ എം എല്‍ എ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളെ അവഹേളിക്കുംവിധമുള്ള യുവനേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരായി വയലാര്‍ രവിയടക്കമുള്ള നേതാക്കളും രംഗത്തുവന്നിരുന്നു.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ്, കെ സുധാകരന് എന്നിവരാണ് പരിഗണനയിലുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൊടിക്കുന്നിലിന് പ്രസിഡന്റ് സ്ഥാനം നല്കിയാല് ഭൂരിപക്ഷ സമുദായങ്ങള്‍ പിണങ്ങുമെന്ന ന്യായം സുരേഷിനെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി പ്രയോഗിക്കുമെന്നാണ് സൂചനകള്‍. കൃസ്ത്യന്‍ വിഭാഗത്തിലുള്ള ആര്‍ക്കെങ്കിലുമാണ് കെ പി സി സി അധ്യക്ഷപദവി ലഭിക്കേണ്ടത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. പ്രതിപക്ഷനേതാവും കെ പി സി സി പ്രസിഡന്റും ഹിന്ദു വിഭാഗത്തിന് കൈയ്യടക്കാന്‍ കൊടുത്താല്‍ കൃസ്തീയ സഭകളുടെ അതൃപ്തിയുണ്ടാവുമെന്ന നിരീക്ഷണവും ഉമ്മന്‍ചാണ്ടി ക്യാമ്പ് ഉയര്‍ത്തുന്നുണ്ട്. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേര് സജീവമാണ്. പക്ഷെ, താന്‍ ജീവിച്ചിരിക്കുമ്പോള്‍ മുരളിയെ പച്ചതൊടീക്കില്ല എന്ന വാശിയിലാണ് രമേശ് ചെന്നിത്തലയുള്ളത്. എ കെ ആന്റണിയും കെ മുരളീധരനും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്തായാലും അവസാന തീരമാനങ്ങള്‍ ഉണ്ടാവേണ്ടത് എ ഐ സി സി പ്രസിഡന്റ് രാഹുല്‍ഗാന്ധിയില്‍ നിന്നാണ്.
06-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ