തിരുവനന്തപുരം : മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരുടെ രീതിയെന്ന് ആരോപിച്ച മുഖ്യമന്ത്രി, ആരാദ്യം എന്നതല്ല നേരാദ്യം എന്നതാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും പറഞ്ഞു. സീനിയര്‍ ജേര്‍ണ്ണലിസ്റ്റ് യൂണിയന്‍ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാധ്യമങ്ങള്‍ക്കിടയില്‍ ആര് ആദ്യം വാര്‍ത്ത ബ്രേക്ക് ചെയ്യുമെന്ന സ്ഥിതി വന്നാല്‍ മാധ്യമരംഗത്ത് പലതും നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തേത് ശരിയായ മാധ്യമരീതിയല്ലെന്ന് പറഞ്ഞ് കൊടുക്കേണ്ടത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദൃശ്യമാധ്യമങ്ങളെയാണ് പിണറായി എടുത്ത് വിമര്‍ശിച്ചത്. പണ്ടു കാലത്ത് ഒരു ദിവസത്തെ മുഴുവന്‍ ശ്രമത്തിന്റെ ഫലമായാണ് പിറ്റേ ദിവസം പത്രങ്ങളിലൂടെ ജനങ്ങള്‍ വാര്‍ത്ത അറിഞ്ഞത്. എന്നാല്‍ ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ മത്സരത്തിന്റെ ഭാഗമായി മാധ്യമമേഖല മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.