കെ പി രാമനുണ്ണിക്കും സംഘത്തിനുമെതിരെആര് എസ് എസ് ആക്രമണം
അഡ്മിൻ
കണ്ണൂര്‍ : ചിറയ്ക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കേരള സംസ്കൃത സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശിവഗിരിയിലെ സ്വാമി ധര്‍മ്മ ചൈതന്യയുടെയും സംസ്കൃത സംഘത്തിന്റെ സതീശന് തില്ലങ്കേരിയുടെയും എഴുത്തുകാരന് കെ പി രാമനുണ്ണിയുടെയും നേതൃത്വത്തില്‍ ഹിന്ദുമത വിശ്വാസികള്‍ നടത്തിയ പ്രായശ്ചിത്തശയനപ്രദക്ഷിണത്തിന് നേരെ ആര് എസ് എസ് ആക്രമണം. ഹിന്ദു ആചാരമനുസരിച്ച് നടത്തിയ ശയനപ്രദക്ഷിണം അനുവദിക്കില്ലെന്ന ശാഠ്യത്തിലാണ് ആര് എസ് എസ് നേതൃത്വം. കശ്മീരില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കത്വ സംഭവത്തില്‍ പശ്ചാത്തപിക്കുന്നതിനാണ് ശയനപ്രദക്ഷിണം നടത്താനെത്തിയത്.
ആര് എസ് എസ് ഹിന്ദുമതത്തിന്റെ സാംസ്കാരിക പരിസരത്തെ തങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി മതധ്രുവീകരണമുണ്ടാക്കി ഉപയോഗിക്കുന്നതിന് ഇത്തരം പ്രതിഷേധങ്ങള്‍ തടസമാവും എന്ന തിരിച്ചറിവിലാണ് വിശ്വാസികളുടെ ശയനപ്രദക്ഷിണം തടഞ്ഞത്. ഹിന്ദുവെന്ന ബഹുസ്വര സാംസ്കാരികത, ജനാധിപത്യപരവും മതസൗഹാര്‍ദ്ദപരവുമായ ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റേയും പിന്തുടര്ച്ചയാണ്. ആ ഹിന്ദുവിന്റെ പേരിലാണ് സംഘപരിവാര്‍ ഹിംസാത്മകമായ ഒരു രാഷ്ട്രീയം ഇന്ത്യയുടെ ഹൃദയം പിളര്‍ക്കും വിധം പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അതിനെതിരെ യഥാര്‍ത്ഥ വിശ്വാസികളെ അണിനിരത്തിക്കൊണ്ടാണ് കടലായി ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം സംഘടിപ്പിച്ചത്. ആര് എസ് എസിന്റെ ആക്രമണത്തിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധം ഉയര്‍ന്നുവരികയാണ്.