കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ്?

ന്യൂഡല്‍ഹി : കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ യു ഡി എഫിന് അര്‍ഹതപ്പെട്ട ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. ജോസ് കെ മാണിയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍, മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദവും മാണിയുടെ കര്‍ക്കശ നിലപാടിനും വഴങ്ങി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായതായാണ് സൂചന.

മുന്നണി സംവിധാനത്തിന്റെ നിലനില്‍പ്പിന് വേണ്ടി കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ലീഗ് നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി കര്‍ക്കശ നിലപാട് സ്വീകരിച്ചു. രണ്ട് സീറ്റ് ഒഴിവു വരുമ്പോഴാണ് ഒന്ന് ഘടകകക്ഷിക്ക് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചുവെങ്കിലും ലീഗും മാണിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. എം പി വീരേന്ദ്രകുമാര്‍ കൂടി മുന്നണി വിട്ട സാഹചര്യത്തില്‍ മാണിയെ തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടിലാണ് ലീഗ്.

കോണ്‍ഗ്രസ് കടുംപിടുത്തം തുടര്‍ന്നാല്‍ ഭാവിയില്‍ തങ്ങള്‍ പോലും ഒപ്പമുണ്ടാകില്ലെന്ന സൂചനയും കുഞ്ഞാലിക്കുട്ടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് അഞ്ച് മണിക്ക് പി കെ കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

അതേസമയം യു ഡി എഫിന്റെ ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കുന്നതിനെതിരെ കേരളത്തില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. സീറ്റ് വിട്ടുനല്‍കരുതെന്ന് രമേശ് ചെന്നിത്തലയേയും എം എം ഹസനേയും ഫോണില്‍ വിളിച്ച് സുധീരന്‍ ആവശ്യപ്പെട്ടു.

07-Jun-2018