രാജ്യസഭാ സീറ്റ് കെ എം മാണിക്ക്. രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി
അഡ്മിൻ
ന്യൂഡല്‍ഹി : യു ഡി എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനെന്ന് തീരുമാനമായി. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതായി അറിയിച്ചത്. ജോസ് കെ. മാണി എം പിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദഫലമായാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കിയത്. കേരള കോണ്‍ഗ്രസിന് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടിയാണ് സമ്മര്‍ദ്ദം ചെലുത്തിയത്. മുന്നണി സംവിധാനത്തിന്റെ നിലനില്‍പ്പിന് വേണ്ടി കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. യു ഡി എഫ് നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും. കേരളകോണ്‍ഗ്രസിന്റെ മടങ്ങി വരവ് യോഗത്തില്‍ ചര്‍ച്ചയാകും.
സീറ്റ് വിട്ടുനല്‍കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. മുന്നണിയുടെ പൊതുതാല്‍പ്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. യു ഡി എഫിനെ ശക്തിപ്പെടുത്താനാണ് ഈ വിട്ടുവീഴ്ചയെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന് പറഞ്ഞു. ഇതൊരു പ്രത്യേക കേസായി കണക്കിലെടുത്താണ് സീറ്റ് വിട്ട് നല്കാന് തീരുമാനിച്ചതെന്ന് എ ഐ സി സി ജനറല്‍സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വീണ്ടും ഒഴിവുവരുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കേറ്റ തിരിച്ചടിയായാണ് മാണിയ്ക്ക് ലഭിച്ച രാജ്യസഭാ സീറ്റിനെ ഉമ്മന്‍ചാണ്ടി ക്യാമ്പ് വിലയിരുത്തുന്നത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മു്മ്പ് പാലായിലെ വീട്ടില്‍ മാണിയുമായി ചര്‍ച്ചയ്ക്ക് പോയ വേളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹസ്തദാനത്തിനായി നീട്ടിയ കരം കെ എം മാണി നിഷേധിച്ചിരുന്നു. ചര്‍ച്ചയ്ക്കിടെ രമേശിന് മുഖം കൊടുക്കാനും മാണി തയ്യാറായില്ല. അന്നും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയുമാണ് മേധാവിത്വം പുലര്‍ത്തിയത്. ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസും യുഡി എഫും ഉമ്മന്‍ചാണ്ടിയുടെ നിയന്ത്രണത്തിലാണെന്ന് തെളിയിക്കുന്നതാണ് കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്കിയ നടപടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ ഉപദേശമാണെന്നും രമേശ് ചെന്നിത്തലയുടെ മൃദുഹിന്ദുത്വ നിലപാടിനെതിരെ ന്യൂനപക്ഷവിഭാഗത്തെ ഭൂരിപക്ഷമാക്കി യു ഡി എഫിനെ ശക്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും വിലിയരുത്തപ്പെടുന്നുണ്ട്.
രാജ്യസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ചയ്ക്കിടയില്‍ രണ്ട് സീറ്റ് ഒഴിവുവരുമ്പോഴാണ് ഒന്ന് ഘടകകക്ഷിക്ക് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചുവെങ്കിലും ലീഗും മാണിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. എം പി വീരേന്ദ്രകുമാര്‍ കൂടി മുന്നണി വിട്ട സാഹചര്യത്തില്‍ മാണിയെ തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടുമായാണ് ലീഗ് വാദിച്ചത്. കോണ്‍ഗ്രസ് കടുംപിടുംത്തം തുടര്‍ന്നാല്‍ ഭാവിയില്‍ തങ്ങള്‍ പോലും ഒപ്പമുണ്ടാകില്ലെന്ന മുന്നറിയിപ്പ് നല്‍കാനും കുഞ്ഞാലിക്കുട്ടി തയ്യാറായി. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു.
ഗ്രൂപ്പ് നേതാക്കളുടെ ഗൂഡാലോചനയുടെ ഫലമാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം പി ജെ കുര്യന് പറഞ്ഞു. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണാനാണു ചിലരുടെ താല്പര്യം. ഉമ്മന്‍ചാണ്ടിയാണ് ഇതിന്റെ മുഖ്യശില്പി. അറിഞ്ഞു കൊണ്ടു തോറ്റുകൊടുക്കുകയാണ് ചെയ്തതെന്നും കുര്യന് പ്രതികരിച്ചു.
അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ ഇതിനെതിരെ കലാപം തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിന്റെ ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കരുതെന്ന് സുധീരന് ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയേയും എം.എം ഹസനേയും ഫോണില്‍ വിളിച്ചാണ് സുധീരന് നിലപാട് വ്യക്തമാക്കിയത്. സീറ്റ് നല്കിയാല് തന്നെ ഭാവിയില്‍ മാണിയും കൂട്ടരും എങ്ങോട്ട് പോകുമെന്ന് പറയാനാകില്ലെന്നും സുധീരന് പറഞ്ഞു. മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ടു പോയി എന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ആത്മാഭിമാനം പണയം വച്ച് കേരള കോണ്‍ഗ്രസിന് കീഴടങ്ങരുതെന്ന് കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ധാരണയായതോടെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയുള്ള വടംവലി കോണ്‍ഗ്രസ് ക്യാമ്പില്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ചും ഘടകകക്ഷികളുടെ അഭിപ്രായം രാഹുല്‍ഗാന്ധി ആരായുമെന്നാണ് സൂചനകള്‍.
07-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ