ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ മഹത്പുത്രന്‍ : പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി : ആര്‍ എസ് എസിനെ സ്തുതിച്ച് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനത്ത്. ഇന്ത്യയുടെ മഹത്പുത്രനാണ് ആര്‍ എസ് എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാര്‍ എന്നു പുകഴ്ത്തിക്കൊണ്ട് പ്രണബ് ആര്‍ എസ് എസിനോടുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി. അതേ സമയം പ്രണബിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ആര്‍ എസ് എസിന്റെ ചരിത്രം പ്രണബിനെ ഓര്‍മിപ്പിച്ചു കൊണ്ടാണ് അവര്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാവായിരിക്കെ ആര്‍ എസ് എസിനോടു വിമര്‍ശനപരമായ നിലപാടായിരുന്നു പ്രണബിനുണ്ടായിരുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സംഘപരിവാരവുമായി ബന്ധുത്വത്തിനായി നില്‍ക്കുന്ന സമീപനമാണ് പ്രണബിന്റെ സംസാരത്തില്‍ മുഴച്ചുനിന്നിരുന്നത്.

മുസ്ലീംങ്ങളെയും കൃസ്ത്യനികളെയും കമ്യൂണിസ്റ്റുകാരെയും ഉന്‍മൂലനം ചെയ്യണമെന്ന് പ്രസ്താവിച്ചതടക്കം നിരവധി ഫാസിസ്റ്റ് ആശയങ്ങള്‍ രചിച്ച് പ്രചരിപ്പിച്ച എം എസ് ഗോള്‍വാള്‍ക്കറുടെ സ്മൃതി മണ്ഡപത്തില്‍ പ്രണബ് മുഖര്‍ജി പുഷ്പാര്‍ച്ചന നടത്തി, പ്രാര്‍ത്ഥിച്ചു. 700 ആര്‍എസ്എസ് കേഡര്‍മാരുടെ 'പാസിങ് ഔട്ട്' പരിപാടിയില്‍ പ്രണബ് സംസാരിക്കും. ആര്‍ എസ് എസിന്റെ ക്ഷണം സ്വീകരിച്ചതിനു കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഇടതുനേതാക്കളും പ്രണബിനെതിരെ രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു ഒട്ടേറെ കത്തുകളും ഫോണ്‍ സന്ദേശങ്ങളും ലഭിച്ചെങ്കിലും തനിക്കു പറയാനുള്ളതു നാഗ്പുരില്‍ പറയുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആദ്യ പ്രതികരണം തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹൃദയത്തില്‍ കത്തികയറ്റുന്നതിന് തുല്യമായി മാറിപ്പോയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയേയും നാഥുറാം വിനായക് ഗോഡ്‌സേയേയും ഓര്‍ക്കാതെ ആര്‍ എസ് എസ് ആസ്ഥാനത്ത് കയറാന്‍ കഴിയുന്ന വ്യക്തികള്‍ക്ക് രാജ്യത്തെ മതനിരപേക്ഷതയെ സംരക്ഷിക്കുന്ന പക്ഷത്ത് നില്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ പരിപാടി വിവാദമായതിനോട് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പ്രതികരിച്ചു. പ്രശസ്തരായ വ്യക്തികളെ ത്രിതീയ വര്‍ഷ ചടങ്ങിലേക്കു ക്ഷണിക്കുന്നതു ഞങ്ങളുടെ പാരമ്പര്യമാണ്. ഇപ്പോള്‍ അന്തരീക്ഷത്തില്‍ നടക്കുന്ന ചര്‍ച്ചകളുമായി ഇതിനു ബന്ധമില്ല. പ്രണബിന്റെ വ്യക്തിത്വത്തെപ്പറ്റി രാജ്യത്തെ എല്ലാവര്‍ക്കും അറിവുള്ളതാണ്. മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തില്‍നിന്ന് എന്തെങ്കിലും പഠിക്കാനാവുമെങ്കില്‍ ഞങ്ങള്‍ കൃതാര്‍ഥരാണ്. സംഘ് സംഘാണ്, പ്രണബ് പ്രണബും– ഭാഗവത് പറഞ്ഞു.

07-Jun-2018