കേരളാ കോൺഗ്രസ് എം വീണ്ടും യു ഡി എഫിന്റെ ഭാഗം

തിരുവനന്തപുരം: യു ഡി എഫിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി. രാജ്യത്തിന്റെ മതേതരത്വം ശക്തിപ്പെടുത്താനും കര്‍ഷക താല്‍പര്യം പരിഗണിച്ചുമാണ് ഈ തീരുമാനം. പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് ഇന്ന് തീരുമാനിക്കും. രാജ്യസഭയിലേക്ക് താന്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല; ജോസ് കെ മാണിയും പോകേണ്ടെന്നാണ് അഭിപ്രായമെന്നും കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ മാണി, ജോസഫ് എന്നിങ്ങനെ വിഭാഗങ്ങളൊന്നുമില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. യു ഡി എഫിന്റെ ഭാഗമാകാന്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കളോടും പി കെ കുഞ്ഞാലിക്കുട്ടിയോട് പ്രത്യേകിച്ചും നന്ദി അറിയിക്കുന്നുവെന്ന് കെ.എം മാണി പറഞ്ഞു. കാര്‍ഷിക പ്രശ്‌നങ്ങളും കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി. ഒരു ഏക്കറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് ബി പി എല്‍ വിഭാഗത്തിന്റെ ആനുകൂല്യം പോലും നല്‍കുന്നില്ല. അതിനുള്ള തീരുമാനം വേണം.

റബറിന് മിനിമം വില 200 രൂപയെങ്കിലും നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോളിയം വില കൂടിവരുന്നു. ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയില്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവിലയിലെ അധിക വരുമാനം വേണ്ടെന്ന് വയ്ക്കണം. കൃഷിക്കാരെ സഹായിക്കാന്‍ ഉറച്ച നിലപാടാണ് പാര്‍ട്ടിക്കുള്ളത്. യു ഡി എഫ് കര്‍ഷക രക്ഷയ്ക്കുള്ള നടപടി കാലാകാലം സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. മുന്നണിക്കും കര്‍ഷക ജനതയ്ക്കും പ്രയോജനം ലഭിക്കുമെന്ന വിശ്വാസത്തിലാണ് മുന്നണിയില്‍ തിരിച്ചെത്തുന്നത്.

രാജ്യസഭാ സീറ്റ് പാര്‍ട്ടിക്ക് നല്‍കിയതിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തോട് മാണി പ്രതികരിച്ചു. കോണ്‍ഗ്രസ് വളരെ നല്ല മനോഭാവമാണ് സ്വീകരിച്ചത്. ഉപാധികളൊന്നും വച്ചിരുന്നില്ല. കോണ്‍ഗ്രസ് അറിഞ്ഞുതന്നതാണ്. ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള പി ജെ കുര്യന്റെ അഭിപ്രായത്തില്‍ പ്രതികരിക്കാനില്ലെന്നും കെ എം മാണി പറഞ്ഞു. ജോസ് കെ.മാണി, പി.ജെ ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

08-Jun-2018