കുര്യൻ വെടിപൊട്ടിച്ചു, ചാണ്ടിക്ക് നേരെ.

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ അജന്‍ഡയാണു നടന്നതെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്നും പി ജെ കുര്യന്‍ തുറന്നടിച്ചു. കേരള കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയില്‍ ഉദിച്ച ആശയമാണിതെന്നും വ്യക്തിതാല്‍പര്യവും വ്യക്തിവിരോധവുമാണു നടന്നതെന്നും കുര്യന്‍ പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനമല്ല, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണിത്. ഇതേ തീരുമാനം പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്തശേഷം എടുക്കാമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ അടിയറവിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം പുതിയ തലങ്ങളിലേക്ക് ഉയരുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

എല്ലാത്തിന്റെയും സൂത്രധാരന്‍ ഉമ്മന്‍ചാണ്ടിയാണ്. ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചുവെന്നും പി ജെ കുര്യന്‍ ആരോപിച്ചു. 2012ലും ഉമ്മന്‍ ചാണ്ടി തന്നെ വെട്ടാന്‍ നോക്കി. എന്നാല്‍ അന്ന് എ കെ ആന്റണിയും രമേശ് ചെന്നിത്തലയും തന്നെ പിന്തുണച്ചു. തന്നെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ഹൈക്കമാന്‍ഡിനു താല്‍പര്യം. ഇക്കാര്യം തന്നോടു സൂചിപ്പിച്ചിരുന്നുവെന്നും കുര്യന്‍ വെളിപ്പെടുത്തി. കേരള കോണ്‍ഗ്രസ് യു ഡി എഫിലേക്കു തിരിച്ചുവരുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. രാജ്യസഭാ സീറ്റ് മാണി സ്വപ്നം കണ്ടിട്ടുണ്ടാകില്ല. സീറ്റ് കിട്ടുമെന്ന തോന്നലുണ്ടായതോടെയാണ് അക്കാര്യം അവര്‍ മുന്നോട്ടുവച്ചത്. സീറ്റ് കിട്ടിയാല്‍ മാത്രമേ അവര്‍ മുന്നണിയിലേക്കു വരികയുള്ളെന്ന് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത് ഉമ്മന്‍ചാണ്ടിയാണ്. പലരെയും ഒഴിവാക്കുകയെന്നതും നിലനിര്‍ത്തുകയെന്നതും ഉമ്മന്‍ചാണ്ടിയുടെ പണ്ടേയുള്ള സ്വഭാവമാണെന്നും പി ജെ  കുര്യന്‍ ആരോപിച്ചു.

അതേസമയം രമേശ് ചെന്നിത്തലയ്‌ക്കെതിരായ നിലപാടുകള്‍ കടുപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെ കൂടെ നിന്നിരുന്ന കെ മുരളീധരനും പ്രതിഷേധ പക്ഷത്തേക്കു തിരിഞ്ഞിരിക്കയാണ്. യു ഡി എഫ് ഉന്നതാധികാരസമിതി യോഗത്തില്‍ മുരളീധരന്‍ പങ്കെടുക്കില്ല. മറ്റു ചില നേതാക്കളും വിട്ടുനില്‍ക്കുമെന്നാണു സൂചന.

08-Jun-2018