കോട്ടയം : യു ഡി എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനത്തിന്റെ ഉള്ളുകള്ളികളെ കുറിച്ച് തുറന്നടിച്ച് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ് എം എല്‍ എ. രാജ്യസഭാ സീറ്റ് 'പെയ്‌മെന്റ് സീറ്റായിരുന്നു'വെന്ന് ജോര്‍ജ് ഒരു ചാനല്‍ പരിപാടിയില്‍ തുറന്നടിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് വന്‍തുക മാണി വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസിന്റെ സാമ്പത്തിക നില പരുങ്ങലിലാണ്. അതു പരിഹരിക്കാനാണ് മാണിയുടെ വാഗ്ദാനം. പ്രവര്‍ത്തകരുടെ വികാരത്തേക്കാള്‍ വലുതാണ് കോണ്‍ഗ്രസിന് മാണിയുടെ പണം. തന്റെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അതു കിട്ടിയാലുടന്‍ പുറത്തുവിടുമെന്നും ജോര്‍ജ് പറഞ്ഞു.
ലോകസഭാ എം പി എന്ന നിലയില്‍ ഒന്‍പത് വര്‍ഷം കൊണ്ട് ജനവിരുദ്ധനായി മാറിയ വ്യക്തിയാണ് ജോസ് കെ മാണി. അതുകൊണ്ടാണ് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഭയക്കുന്നത്. മകന്റെ ഭാവി സുരക്ഷിതമാക്കാന്‍ അപ്പന്‍മാണി നടത്തിയ നീക്കമാണ് പണംകൊടുത്ത് രാജ്യസഭാ സീറ്റ് ഒപ്പിക്കല്‍. രാജ്യസഭയിലേക്ക് ആരുപോകുമെന്നതില്‍ ഇന്നലെ രാത്രി എട്ടുമണി വരെ മാണിയുടെ പേരാണ് കേട്ടിരുന്നത്. അങ്ങനെയെങ്കില്‍ പാലയില്‍ ഉപതെരഞ്ഞെടുപ്പ് വരുമായിരുന്നു. എങ്കില്‍ മാണിയുടെ ശക്തി കാണാമായിരുന്നു. ചെങ്ങന്നൂര്‍ മുതല്‍ മാണിയെ പൊക്കിപ്പിടിച്ച് കോണ്‍ഗ്രസ് നടക്കുന്നുണ്ട്. 500 വോട്ടാണ് കേരള കോണ്‍ഗ്രസിന് അവിടെ താന്‍ കണ്ടത്. അതില്‍ 20 പോലും കോണ്‍ഗ്രസിന് കിട്ടിയിട്ടില്ല. പി സി വ്യക്തമാക്കി.
കെ എം മാണിക്ക് ഇനി ഇത്തര്തതില്‍ പണം നല്‍കി രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനേ സാധിക്കുകയുള്ളു. ജനപിന്തുണ നഷ്ടപ്പെട്ടാല്‍ ആര്‍ക്കായാലും ഇതാണ് ഗതിയെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.