കോട്ടയം ലോകസഭാ സീറ്റ് കേരളകോണ്‍ഗ്രസ് എമ്മിന്റെത് : ജോസ് കെ മാണി

പാല : കേരള കോണ്‍ഗ്രസിനുള്ളത് തന്നെയാണ് കോട്ടയം ലോക്‌സഭാ സീറ്റ്, അത് സംബന്ധിച്ച് പാര്‍ട്ടിയിലോ മുന്നണിയിലോ ഒരു പ്രശ്‌നവുമില്ലെന്ന് ജോസ് കെ മാണി എം പി. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന്റേത് തന്നെയെന്നു പറഞ്ഞിട്ടുണ്ട്. അതില്‍ ഇനി വ്യത്യാസമുണ്ടാവില്ല. അത് സിറ്റിങ് സീറ്റാണ്. ജോസ് വ്യക്തമാക്കി. തന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയുടെ തീരുമാനമാണ്. ഇക്കാര്യത്തില്‍ തന്റെ ഇഷ്ടമോ അനിഷ്ടമോ അല്ല പ്രധാനം. പാര്‍ട്ടി തീരുമാനം അനുസരിക്കുന്നുവെന്നും മികച്ച രീതിയില്‍ മുന്നോട്ടുപാകാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

കോട്ടയം ലോകസഭ മണ്ഡലത്തില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെയാവും കേരള കോണ്‍ഗ്രസ് പരിഗണിക്കുക. സോഷ്യല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന നിഷ, പാലയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയുമാണ്. രാഷ്ട്രീയമായി തികഞ്ഞ ധാരണയുള്ള നിഷയുടെ പുസ്തകം 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' ഏറെ ചര്‍ച്ചയായതായിരുന്നു. അതേസമയം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടിഉമ്മന് കോട്ടയത്ത് സീറ്റ് തരപ്പെടുത്താനുള്ള ആലോചനകള്‍ ഉമ്മന്‍ചാണ്ടിയുടെ ക്യാമ്പില്‍ സജീവമാവുന്നുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിക്കും ഈ കാര്യത്തില്‍ താല്‍പ്പര്യമുണ്ട്. അങ്ങനെയുള്ള സമ്മര്‍ദ്ദം കെ എം മാണിക്് മുകളില്‍ വരികയാണെങ്കില്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനായിരിക്കും.

തിരുവനന്തപുരത്തും പാലായിലുമായി കേരള കോണ്‍ഗ്രസ് നേതൃത്വം പലവട്ടം ആശയവിനിമയം നടത്തിയശേഷം വെള്ളിയാഴ്ച രാത്രി പത്തരയോടെയാണു രാജ്യസഭയിലേക്കു സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. നിലവില്‍ കോട്ടയത്തുനിന്നുള്ള ലോക്‌സഭാംഗമായ ജോസ് കെ മാണി ലോകസഭാംഗത്വം രാജിവയ്ക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ സമയമുള്ളൂ എന്നതിനാല്‍ കോട്ടയം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണു സൂചന.

09-Jun-2018