കേരളത്തിലെ രാജ്യസഭാ സീറ്റ്, രാഹുല്‍ ഗാന്ധി വിശദീകരണം തേടി

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ക്ഷുഭിതനായി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് കാര്യങ്ങള്‍ സംബന്ധിച്ച്  വിശദീകരണം തേടി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമാവുകയും നിരവധി പരാതികള്‍ രാഹുലിന് മുന്നിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം തേടിയത്. വി എം സുധീരനടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പരാതികള്‍ രാഹുലിന് മുന്നിലെത്തി. ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിന് പിന്നാലെ ഷാനിമോള്‍ ഉസ്മാനും രാഹുല്‍ ഗാന്ധിയെ പ്രതിഷേധം അറിയിച്ചു. സീറ്റ് വിട്ടുകൊടുത്തതു വലിയ ദുരന്തമെന്നും ജനവികാരം അറിയാത്തത് തെറ്റാണെന്നുമാണ് ഷാനിമോള്‍ പറഞ്ഞത്. രാഹുല്‍ഗാന്ധി പരാതിയെ തുടര്‍ന്ന് ഷാനിമോളെ ടെലിഫോണില്‍ വിളിച്ച് സംസാരിക്കാനും രാഹുല്‍ഗാന്ധി തയ്യാറായി. ഗ്രൂപ്പുകള്‍ക്കതീതയായി നില്‍ക്കുന്നതുകൊണ്ടാണ് രാഹുല്‍ ഷാനിമോളോട് വിവരങ്ങള്‍ ആരാഞ്ഞത്.

അതേസമയം സോഷ്യല്‍മീഡിയ വഴി കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്ന നേതാക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് കെ എസ് ശബരീനാഥന്‍ എം എല്‍ എയും രംഗത്തുവന്നു. പച്ചപരവതാനിയുടെ ലോക്‌സഭയില്‍നിന്നു ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ മുന്നണി ശക്തിപ്പെടുമെന്ന് പരിഹസിച്ചാണ് ശബരി ഫെയ്‌സ്ബുക് പോസ്റ്റിട്ടത്. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്കു തിരിച്ചുകൊണ്ടുവന്നതുപോലെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിനെയും മുന്നണിയിലെടുക്കണമെന്ന് ജോസഫ് വാഴയ്ക്കന്‍ ആവശ്യപ്പെട്ടു. സംസ്ഥാനമാകെ യൂത്ത്‌കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അസഭ്യമുദ്രാവാക്യം വിളിക്കുന്നതും കാണാനാവുന്നു.

രാജ്യസഭാ സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുക എന്നതാവും കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലുള്ള വെല്ലുവിളി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ചേരുന്ന പാര്‍ട്ടി നേതൃയോഗങ്ങളോടെ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണു രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. പക്ഷേ, പിണങ്ങി നില്‍ക്കുന്ന യുവനിരയെയും സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെയും നേരിടുക അത്ര എളുപ്പമാവില്ല. ജോസ് കെ മാണിയുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് രാജ്യസഭാ സീറ്റ് ബലികഴിച്ചത് എന്നായിരുന്നു കോണ്‍ഗ്രസിലുയര്‍ന്ന പ്രധാന ആക്ഷേപം. ഇതിനു കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും കൂട്ടുനിന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയതോടെ ഈ വാദത്തിന് പ്രസക്തിയേറിയിരിക്കുകയാണ്.

09-Jun-2018