കോട്ടയം: കാര്യങ്ങളറിയാതെയാണ് വി എം സുധീരന്റെ വിമര്‍ശനങ്ങളെന്ന് കെ എം മാണി. സുധീരന് അമിതാവേശമാണെന്നും ഇത്തരത്തിലുള്ള ഒരു സമീപനം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞുകൊണ്ട് രാജ്യസഭാ സീറ്റ് വിഷയത്തില്‍ തന്നെ വിമര്‍ശിച്ച കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന് മാണി മറുപടി നല്‍കി.
കാര്യങ്ങള്‍ വസ്തുനിഷ്ടമായി പരിശോധിച്ചതിന് ശേഷം വേണം പ്രസ്താവനകള്‍ നടത്തേണ്ടതെന്ന് കെ എം മാണി സുധീരനെ ഉപദേശിച്ചു. യു ഡി എഫ് പ്രവേശനത്തിന് മുമ്പുള്ള കാര്യങ്ങള്‍ വെച്ചാണ് സുധീരന്റെ വിമര്‍ശനമെന്നും ഇനി യു ഡി എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മാണി പറഞ്ഞു.
ഭാവിയില്‍ ബി ജെ പിയുമായി കൂട്ട് കൂടില്ലെന്ന ഉറപ്പ് യു ഡി എഫിനും ജനങ്ങള്‍ക്കും നല്‍കാന്‍ മാണി തയ്യാറകുമോയെന്ന് സുധീരന്‍ നേരത്തെ ചോദിച്ചിരുന്നു. മാണിയുടെ ചാഞ്ചാട്ട രാഷ്ട്രീയം അദ്ദേഹത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചിരുന്നു. യു ഡി എഫിലേക്ക് തിരികെ എത്തിയശേഷവും സമദൂരം എന്ന നിലപാട് മാണി ആവര്‍ത്തിച്ചിരുന്നു. ഈ നിലപാടിലുടെ വരുത്തിവെച്ച ആശങ്ക മാറ്റണമെന്നും അതുകൊണ്ട് ഭാവിയില്‍ ബി ജെ പി മുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് പോകില്ലെന്ന് പരസ്യമായി ഉറപ്പു നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. സുധീരന്റെ ആരോപണങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും മറുപടി നല്‍കിക്കൊണ്ടാണ് സുധീരന്റേത് കാര്യങ്ങളറിയാതുള്ള വിമര്‍ശനങ്ങളെന്ന് മാണി പറഞ്ഞത്.
അതേസമയം ലോക്‌സഭയില്‍ യു പി എക്ക് ഒരു അംഗം നഷ്ടമാകുന്നത് ബി ജെ പിക്ക് നേട്ടമാകുമെന്നും, കോണ്‍ഗ്രസ് പ്രതിനിധി രാജ്യസഭയില്‍ എത്തുന്നത് മാണി ഇല്ലാതാക്കിയെന്നും സുധീരന്‍ വിമര്‍ശിച്ചു. ബി ജെ പി ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികളുമായി മാണി ഒരേ സമയം വിലപേശിയെന്നും മാണിയുടെ വിശ്വാസ്യത ജനത്തിന് മുന്നില്‍ നഷ്ടമായെന്നുമുള്ള ആരോപണം സുധീരന്‍ ആവര്‍ത്തിച്ചു.