ഐ എ എസിന് പകരം ആര്‍ എസ് എസ് സര്‍വീസ്?

ന്യൂഡല്‍ഹി: ഭരണകൂടത്തെ കൈപ്പിടിയിലൊതുക്കാനുള്ള ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കാനുള്ള തീരുമാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഐ എസ് എസുകാര്‍ വഹിക്കുന്ന ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് പുറത്ത് നിന്ന് അപേക്ഷ ക്ഷണിച്ചത് ആര്‍ എസ് എസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശിച്ച പേരുകാരെ തിരുകികയറ്റാനാണെന്ന് ആരോപണം. ഇപ്പോള്‍ 10 ജോയിന്റ് സെക്രട്ടറി പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒഴിവുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കും. ഈ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ ലിസ്റ്റ് ആര്‍സ് എസ് കേന്ദ്രീയ കാര്യാലയത്തില്‍ നിന്ന് തയ്യാറാക്കി ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നല്‍കും. ഇന്റര്‍വ്യു പ്രഹസനമായി നടത്തി സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനാണ് നീക്കം.

റവന്യൂ, ഫിനാന്‍സ്, കൃഷി, സഹകരണം, കര്‍ഷക ക്ഷേമം, റോഡ് ഗതാഗതം, ഹൈവേ ഷിപ്പിങ്, പരിസ്ഥിതി, എക്കണോമിക് അഫേയേഴ്‌സ്, കാലാവസ്ഥാ വ്യതിയാനം, സിവില്‍ വ്യോമയാനം, പുനരുപയുക്ത ഊര്‍ജം, വാണിജ്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കുന്നത്. ഈ വകുപ്പുകളിലെ കാര്യങ്ങളെല്ലാം ആര്‍ എസ് എസ് ആസ്ഥാനത്ത് നിന്ന് നേരിട്ട് നിയന്ത്രിക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടപ്പിലാക്കുന്നത്. മറ്റ് വകുപ്പുകളിലും ഇത്തരത്തില്‍ നിയന്ത്രണം നടപ്പിലാക്കാനുള്ള നിയമങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആര്‍ എസ് എസ് ആസ്ഥാനത്തുനിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലക്ഷക്കണക്കിന് രൂപ ശമ്പളത്തിലാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോയിന്റ് സെക്രട്ടറിമാരായി സംഘികളെ തിരുകികയറ്റുന്നത്. ഭരണ തുടര്‍ച്ചലഭിക്കുമെങ്കില്‍ രാജ്യത്ത് നിലവിലുള്ള ഐ എ എസ് സംവിധാനത്തെ പൊളിച്ചെഴുതാനും ആര്‍ എസ് എസ് ലക്ഷ്യമിടുന്നുണ്ട്. നാഗ്പൂരില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്ത സര്‍ സംഘചാലക് മോഹന്‍ ഭഗവത് ഐ എ എസ് പരിശീലനത്തില്‍ ഭാരതപൈതൃകത്തിന്റെ വേരുകളെ കുറിച്ച് ആഴത്തിലുള്ള അവബോധമുണ്ടാക്കുന്ന പാഠഭാഗങ്ങള്‍ കൂടി ഉല്‍പ്പെടുത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

11-Jun-2018